റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസില്‍ ദയാ ധനം നല്‍കാന്‍ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീല്‍ ഓണ്‍ലൈന്‍ കോടതിക്ക് അപേക്ഷ നല്‍കി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീല്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു.

ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധര്‍ അറിയിച്ചത്. ദയ ധനം നല്‍കാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നല്‍ക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടര്‍ന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാല്‍ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം.

ഇതിനെല്ലാം ശേഷമായിരിക്കും ജയില്‍ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി വിദേശകാര്യമന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News in this category4malayalees Recommends