അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ വച്ച് 57കാരന്‍ മരിച്ചത്.
മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ വിശദമാക്കി. ഏപ്രില്‍ 15നാണ് ഇയാള്‍ മരിച്ചത്. ന്യൂയോര്‍ക്കിലുള്ള ജസ്പാല്‍ സിംഗിന്റെ കുടുംബത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. നേരത്തെ 1992ല്‍ അമേരിക്കയിലേക്ക് അനധികൃതമായി ജസ്പാല്‍ സിംഗ് എത്തിയിരുന്നു.
1998 ജനുവരിയില്‍ ജസ്പാല്‍ സിംഗിന് അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ഇമിഗ്രേഷന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. 2023ല്‍ മെക്‌സിക്കോ യുഎസ് അതിര്‍ത്തിയിലൂടെ വീണ്ടും അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ വീണ്ടും പിടിയിലായത്.
ബോര്‍ഡര്‍ പട്രോള്‍ സംഘത്തിന്റെ പിടിയിലായ ജസ്പാല്‍ സിംഗിനെ ഫോക്സ്റ്റണിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സാ ലഭ്യമാക്കുന്നുണ്ടെന്നാണ് യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. ശാരീരിക, മാനസിക ആരോഗ്യത്തിനുള്ള മെഡിക്കല്‍ സഹായം ഇവിടെ ലഭ്യമാകുന്നുണ്ടെന്നാണ് എമിഗ്രേഷന്‍ വിഭാഗം വിശദമാക്കുന്നത്.