മെഗാന് മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന് തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്.
താന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്ന് സസെക്സ് ഡ്യൂക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ മെഗാനും, മക്കള്‍ക്കുമൊപ്പം ഇനി ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും മങ്ങുകയാണ്. നാല് വര്‍ഷം മുന്‍പാണ് ഔദ്യോഗിക രാജകീയ ഡ്യൂട്ടികള്‍ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് രാജകുമാരനും, ഭാര്യയും നീങ്ങിയത്.
ഹാരി രാജകുമാരന്റെ ട്രാവല്‍ കമ്പനിയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. യുഎസിലേക്ക് താമസം മാറ്റിയെന്നും, ഇനി അവിടെ സ്ഥിരതാമസമാണെന്നും രേഖകള്‍ വ്യക്തമാക്കി. ഹാരി 75% ഉടമസ്ഥത കൈയാളുള്ള ട്രാവലിസ്റ്റ് ലിമിറ്റഡാണ് പേപ്പര്‍വര്‍ക്ക് നടത്തിയിരിക്കുന്നത്.
ചാള്‍സ് രാജാവിന്റെ ഇളയ മകനായ ഹാരി രാജകുമാരന് ബ്രിട്ടീഷ് രാജകസേരയിലേക്കുള്ള അഞ്ചാം അവകാശിയാണ്. 2020-ല്‍ കാലിഫോര്‍ണിയയിലേക്ക് ചുവടുമാറിയതിന് ശേഷം രാജകുടുംബത്തിന് നേര്‍ക്ക് നിശിതമായ വിമര്‍ശനങ്ങളാണ് ഹാരി തൊടുത്തത്. അതേസമയം ഹാരിയുടെ യുഎസ് താമസത്തെ കുറിച്ച് അവിടെ പരിശോധനയും നടക്കുന്നുണ്ട്. ഓര്‍മ്മക്കുറിപ്പായ സ്പെയറില്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എഴുതിയതാണ് വിനയായത്.