'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍
തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 190 മില്യണ്‍ പൗണ്ടിന്റെ അഴിമതിക്കേസില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ ഈ കേസിലെ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്.

ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ബുഷ്‌റ ബീബിയുടെ പരിശോധന നടത്താന്‍ ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം യൂസഫ് നിര്‍ദ്ദേശിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (പിംസ്) ആശുപത്രിയില്‍ പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ജയില്‍ ഭരണകൂടം ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. വിചാരണ വേളയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് കോടതി പിന്നീട് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.Other News in this category4malayalees Recommends