'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി
സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു.

ഇതുകൂടാതെ 'പോണ്‍ഗ്രസ് സൈബര്‍ മീഡിയ' എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍, കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍, പൊതുജന താല്‍പ്പര്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ന്യായവും കൃത്യവും നിഷ്പക്ഷവുമായി ജനങ്ങളെ അറിയിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് 2022ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദേശാഭിമാനി വാര്‍ത്ത. നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends