ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്
ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക് രംഗത്തുള്ളത്.

ഏപ്രില്‍ 15 തിങ്കളാഴ്ച വൈകീട്ട് സിഡ്‌നിയിലെ വാക്ക്‌ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വച്ചാണ് ബിഷപ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ വീഡിയോ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയന്‍ ഇ സേഫ്റ്റി കമ്മീഷണര്‍ ജൂലി ഇമ്മന്‍ എക്‌സിനും മെറ്റയ്ക്കും നിര്‍ദ്ദേശം നല്‍കി. ഇതോടെ ഓസ്‌ട്രേലിയന്‍ ഭൂപരിധിക്കുള്ളില്‍ എക്‌സ് വീഡിയോ നീക്കം ചെയ്തു. എന്നാല്‍ ലോകം മുഴുവന്‍ വീഡിയോയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇ സേഫ്റ്റി കമ്മീഷന്‍ കോടതിയെ സമീപിച്ചു.

മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ജസ്റ്റിസ് ജഫ്രി കെന്നറ്റ് ബുധനാഴ്ച വരെ വീഡിയോ ബ്ലോക്ക് ചെയ്യണം എന്ന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് വീഡിയോ പൂര്‍ണമായി നീക്കം ചെയ്യണമെന്ന അപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. 24 മണിക്കൂറാണ് എക്‌സിന് സമയം നല്‍കിയത്. ഇതിനെതിരെയാണ് മസ്‌ക് രംഗത്തുവന്നത്.

മസ്‌കിന്റെ നിലപാടിനെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് നിശിതമായി വിമര്‍ശിച്ചു.

Other News in this category



4malayalees Recommends