ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം നാലായി.

കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇവര്‍ കാനഡയിലുണ്ടെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണ പരിധിയിലാണെന്ന് കാനഡ പൊലീസ് അറിയിച്ചു.

നിജ്ജാറിന്റെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 1997 ല്‍ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണെന്നും നിജ്ജാറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.

ജൂണ്‍ 18നാണ് വാന്‍കൂവറില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ സര്‍ക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ട്രൂഡോയുടെ ആരോപണം പൂര്‍ണമായും തള്ളുകയാണ് ചെയ്തത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകം തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാര്‍. സംഘടനയില്‍ ഗുര്‍പത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാര്‍. ജലന്ധറിലെ ഭര്‍സിങ് പുര ഗ്രാമത്തില്‍ നിന്ന് 1996ല്‍ നിജ്ജാര്‍ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയില്‍ പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വര്‍ധിച്ചു.

ഇന്ത്യയിലെ ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നല്‍കി പരിപോഷിപ്പിക്കുന്നതില്‍ നിജ്ജാര്‍ ഭാഗമായിരുന്നു. അതിന്റെ ഭാഗമായി ഇയാള്‍ക്കെതിരെ 10 എഫ്‌ഐആറുകളും ഉണ്ട്. 2014 ല്‍ ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജാര്‍ ആണ്.

2020 നവംബറില്‍ നിജ്ജാര്‍, ആര്‍ഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റര്‍ നേതാവിനൊപ്പം ചേര്‍ന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹര്‍ ലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ല്‍ പഞ്ചാബിലെ ബത്തിണ്ടയില്‍ മനോഹര്‍ ലാലിന്റെ ഓഫീസിലാണ്.

ഇന്ത്യ വര്‍ഷങ്ങളായി ആഗോളതലത്തില്‍ ഉന്നയിക്കുന്ന വിഷയമാണ് കാനഡയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ കേട്ട് അതുപോലെ തന്നെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Other News in this category4malayalees Recommends