അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ. പിന്നാലെ ആഡംബരം ജീവിതം, ഒടുവില്‍ ബാങ്കുകാര്‍ തന്നെ യുവതിയ്ക്ക് പൂട്ടിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 32 കാരിയായ സിബോംഗില്‍ മണിയുടെ ബാങ്ക് അക്കൗണ്ടിലാണ് 6.3 കോടി രൂപ അബദ്ധത്തില്‍ ക്രെഡിറ്റായത്. എന്നാല്‍ ബാങ്കില്‍ വിവരമറിയിക്കേണ്ടതിന് പകരം അക്കൗണ്ടിലെ പണമുപയോഗിച്ച് വിലകൂടിയ വസ്ത്രങ്ങളും ഐഫോണും മദ്യവും വാങ്ങുകയാണ് യുവതി ചെയ്തത്.
മാത്രമല്ല, സുഹൃത്തുക്കള്‍ക്കായി ആഡംബര പാര്‍ട്ടികള്‍ ഒരുക്കിയും സിബോംഗില്‍ മണി പണം ചെലവഴിച്ചു. എന്നാല്‍ യുവതിയുടെ അക്കൗണ്ടിലേക്ക് വന്ന അസാധാരണ ഇടപാട് ബാങ്കിന്റെ ശ്രദ്ധയില്‍പെട്ടതോടെ കഥ മാറി. മോഷണക്കുറ്റം ചുമത്തി സിബോംഗില്‍ മണിയെ അറസ്റ്റ് ചെയ്തു.
സംഭവം നടക്കുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2017ല്‍ മണി വാള്‍ട്ടര്‍ സിസുലു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് പ്രതിമാസം 6,000 രൂപ സ്‌റ്റൈപ്പന്റ് നേടിയിരുന്നു. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ പിശക് കാരണം 6,000 എന്നുള്ളത് 6.3 കോടി രൂപയാവുകയും ഇത് യുവതിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയുമായിരുന്നു.
ഉറവിടം എവിടെ എന്നറിയാതെ സ്വന്തം അക്കൗണ്ടില്‍ വന്ന പണത്തെ കുറിച്ച് അന്വേഷിക്കാനോ ബാങ്കിനെ ഇക്കാര്യം അറിയിക്കാനോ കൂട്ടാക്കുന്നതിന്, പകരം പണം പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിച്ചത് പണിയായി. മോഷണം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിബോംഗില്‍ മണിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022ല്‍ ഇവരെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ 2023 ജൂലൈയില്‍ ഈസ്റ്റ് ലണ്ടന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ മണിയുടെ അപ്പീല്‍ സ്വീകരിക്കുകയും ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശിച്ചു. ഇതിനുപകരമായി 14 ആഴ്ച സാമൂഹിക സേവനം പൂര്‍ത്തിയാക്കാനും തെറാപ്പിക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടു.