കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ
ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി ഫെലികാനോ ജോണ്‍സണ്‍ കുടുങ്ങിയത്.

എന്നാല്‍ മൂന്ന് വര്‍ഷം പ്രൊബേഷനില്‍ കഴിയാന്‍ സമ്മതിച്ചതോടെയാണ് ഇവരെ ജയിലിലേക്ക് അയയ്ക്കാതെ വിട്ടത്. ഭര്‍ത്താവ് റോബി ജോണ്‍സന്റെ കോഫി മേക്കറില്‍ വലിയ തോതില്‍ ബ്ലീച്ച് ചേര്‍ത്ത് ഭക്ഷണം വിഷമാക്കി മാറ്റാന്‍ ശ്രമിച്ച രണ്ട് കുറ്റങ്ങളാണ് മെലഡി കുറ്റസമ്മതം നടത്തിയത്.

കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ഇവരുടെ പ്രൊബേഷനും, നിര്‍ബന്ധിത മാനസികാരോഗ്യ ചികിത്സയും ആരംഭിച്ചു. നിയമസംഘത്തിന്റെ സാന്നിധ്യത്തില്‍ മാത്രം ഭര്‍ത്താവിനെ ബന്ധപ്പെടാനും കഴിയും.

മെലഡിയും, റോബി ജോണ്‍സനും ഇപ്പോള്‍ വിവാഹമോചന നടപടിക്രമങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. യുഎസ് എയര്‍ ഫോഴ്‌സില്‍ സേവനം നല്‍കുന്ന റോബി ജോണ്‍സണ്‍ തന്റെ കാപ്പിയില്‍ മോശം രുചി ശ്രദ്ധിക്കാന്‍ തുടങ്ങിയതാണ് ഭാഗ്യമായത്. പൂള്‍ ടെസ്റ്റിംഗ് സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കോഫിയില്‍ ഉയര്‍ന്ന ക്ലോറിന്‍ അടങ്ങിയതായി കണ്ടെത്തി.

ഇതിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലാണ് ഭാര്യ അജ്ഞാത പദാര്‍ത്ഥം കോഫി മേക്കറില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് പല ക്യാമറകള്‍ സ്ഥാപിച്ച് വിവിധ ദിവസങ്ങളിലായി മെഡലിയുടെ ശ്രമങ്ങള്‍ ഇദ്ദേഹം തെളിവ് സഹിതം ശേഖരിച്ചു, ഇതിന് ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മരണ ആനുകൂല്യങ്ങള്‍ കൈക്കലാക്കാനാണ് മെലഡി വിഷം ചേര്‍ത്ത് കൊല്ലാന്‍ നോക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Other News in this category



4malayalees Recommends