പൂമാനമേ.......ഗാനത്തോടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാമ്പസ് പ്രണയം പ്രമേയമാക്കിയ വീഡിയോ വിവാദമായതോടെ മൂവാറ്റുപുഴ നിര്‍മലാ കോളജ് പിന്‍വലിച്ചു

പൂമാനമേ.......ഗാനത്തോടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാമ്പസ് പ്രണയം പ്രമേയമാക്കിയ വീഡിയോ വിവാദമായതോടെ മൂവാറ്റുപുഴ നിര്‍മലാ കോളജ് പിന്‍വലിച്ചു
മൂവാറ്റുപുഴ നിര്‍മല കോളജ് പുതിയ ബാച്ചിലേക്കുളള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. സിറോ മലബാര്‍ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലുള്ള കോളജിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ചുളള വീഡിയോ അല്ല അതെന്നും വീഡിയോ പുറത്ത് വിടരുതെന്ന് നിര്‍ദേശിച്ചതാണെന്നും പ്രസ്താവിച്ച കോളജ് മാനേജ്‌മെന്റ്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനും നിര്‍ദേശിച്ചു. സ്വകാര്യ ഏജന്‍സിയാണ് വീഡിയോ തയാറാക്കിയത്

നിര്‍മല കോളജ് ലൈബ്രറി പശ്ചാത്തലത്തില്‍ ക്യാംപസ് പ്രണയം പ്രമേയമാക്കിയാണ് കോളേജ് 2024ല്‍ വിവിധ ബാച്ചുകളിലേക്കുളള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് പരസ്യമിറക്കിയത്. മുട്ടത്തു വര്‍ക്കിയുടെ ഇണപ്രാവുകള്‍ നോവല്‍ വായിക്കുന്ന വിദ്യാര്‍ഥിയെ കാണിച്ചുകൊണ്ടാണ് വീഡിയോയ്ക്ക് തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഓസ്‌ലര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടിയ 1985 ല്‍ റിലീസ് ചെയ്ത 'നിറക്കൂട്ട്' സിനിമയിലെ 'പൂമാനമേ..' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയിലാണ് വീഡിയോ .

വീഡിയോ ഇങ്ങനെ. ലൈബ്രറിയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. വിദ്യാര്‍ഥി അവളില്‍ ആകൃഷ്ടനാകുന്നു. ലൈബ്രറിയിലെ പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ വെച്ച് ഇരുവരും മുഖത്തോടുമുഖം നോക്കുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് കൈപിടിച്ച് ലൈബ്രറിയിലൂടെ നടന്ന് നീങ്ങുന്നതുമാണ് ഇതിവൃത്തം. ഒടുവില്‍ ഇതെല്ലാം ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥി കണ്ട പകല്‍ക്കിനാവ് എന്ന നിലയില്‍ അവതരിപ്പിച്ച് വായന മനസ് തുറക്കുമെന്നും സങ്കല്‍പങ്ങളെ ആളിക്കത്തിക്കുമെന്നാണ് എഴുതിക്കാണിക്കുന്നത്.സാഹിത്യത്തിന്റെ ലോകത്തേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതായും സ്‌ക്രീനില്‍ തെളിയുന്നു. ഒടുവിലായി 2024 ബാച്ചിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചതായും വീഡിയോയിലുണ്ട്.

തുടര്‍ന്ന് നിര്‍മലാ കോളജ് ഫേസ്ബുക്കില്‍ മാനേജര്‍ ഫാ. പയസ് മലേക്കണ്ടത്തിന്റേതായി പങ്കു വെച്ച പ്രസ്താവന പുറത്തുവന്നു

'മൂവാറ്റുപുഴ നിര്‍മ്മല കോളേജ് കഴിഞ്ഞ 70 വര്‍ഷങ്ങളായി ധാര്‍മ്മിക മാനുഷിക സാംസ്‌കാരിക മൂല്യങ്ങള്‍ അഭംഗുരം സംരക്ഷിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനമാണ്. അതുകൊണ്ടുതന്നെ കോളേജിന്റെ പ്രഖ്യാപിത മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ആശയം സംവേദനം ചെയ്യുന്ന രീതിയിലുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമ പേജുകളില്‍ വരാന്‍ ഇടയായതില്‍ മാനേജ്‌മെന്റ് അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

കോളേജിന്റെ പരസ്യങ്ങള്‍ തയ്യാറാക്കുന്ന ഏജന്‍സി നിര്‍മ്മിച്ച പ്രസ്തുത വീഡിയോയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോളേജിനെ സ്‌നേഹിക്കുന്ന പൊതുസമൂഹത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുമുണ്ടായ വിഷമത്തില്‍ മാനേജ്‌മെന്റ് അതിയായ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത വീഡിയോ മുന്‍വിധികളോടും ദുരുദ്ദേശത്തോടും കൂടെ അവ പ്രചരിപ്പിക്കരുത് എന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.'

Other News in this category



4malayalees Recommends