2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ, ബി 32 മുതല്‍ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാര്‍ക്കലി നടത്തിയത്. 'മന്ദാകിനി' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും നായികയായെത്തുകയാണ് അനാര്‍ക്കലി.
ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് അനാര്‍ക്കലി. ആളുകളുടെ നെഗറ്റീവ് കമന്റുകള്‍ തന്നെ തകര്‍ത്തുകളയാറുണ്ടെന്നും, കുറച്ച് കാലത്തേക്ക് അത് തന്നെ ബാധിക്കാറുണ്ടെന്നും അനാര്‍ക്കലി പറയുന്നു. കൂടാതെ പുരത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം മന്ദാകിനിയെ കുറിച്ചും അനാര്‍ക്കലി സംസാരിക്കുന്നു.
'ഒരു പരിധിയില്‍ കൂടുതല്‍ തടിച്ചാല്‍ വിഷമിച്ചിരിക്കുകയും ഡിപ്രഷനിലേക്കു പോകുകയുമൊക്കെ ചെയ്യാറുണ്ട്. പെട്ടെന്നു തടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്. അത്രയ്ക്കു ശ്രദ്ധിച്ചാലെ മെലിഞ്ഞിരിക്കാന്‍ കഴിയൂ. അല്‍പം തടിച്ചാല്‍ തന്നെ ആളുകള്‍ പറയുന്നത് ഇഷ്ടപ്പെടില്ല. അതു കേള്‍ക്കാതിരിക്കാന്‍ മെലിയാന്‍ ശ്രമിക്കും. ആളുകളുടെ അത്തരം കമന്റുകള്‍ ചിലപ്പോഴൊക്കെ എന്നെ തകര്‍ത്തു കളയാറുണ്ട്. കുറച്ചു കാലത്തേക്കു മാത്രമെ അത് ബാധിക്കൂ. പിന്നെ, പഴയതു പോലെ ആകും. വിചാരിച്ചത്ര പ്രശ്‌നമില്ലെന്നു തിരിച്ചറിയും.
മന്ദാകിനി എനിക്കു വളരെ സ്‌പെഷലാണ്. ഞാന്‍ നായികാ കഥാപാത്രം ചെയ്യുന്ന സിനിമകള്‍ കുറവാണല്ലോ. അതാണ് ഒരു കാരണം. പിന്നെ, എനിക്ക് വലിയ ബഹുമാനം തന്നൊരു ക്രൂ ആണ് ഈ സിനിമയുടേത്. എന്നോടു മാത്രമല്ല, എല്ലാവരോടും ആ ബഹുമാനം അവര്‍ കാണിച്ചിട്ടുണ്ട്. അഭിനയിച്ചവരും അണിയപ്രവര്‍ത്തകരുമെല്ലാം നല്ല നര്‍മബോധമുള്ളവരാണ്. അതുകൊണ്ട്, എല്ലാവരും കൂടുമ്പോള്‍ നല്ല രസമായിരുന്നു. മെയ് 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.' എന്നാണ് താരം പറയുന്നത്.