11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്
വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയോടും ആരാധകരോടും ജി വി പ്രകാശ് പത്രകുറിപ്പിലൂടെ അറിയിച്ചു.
ഒരുപാടു ആലോചനകള്‍ക്ക് ശേഷം 11 വര്‍ഷത്തെ നീണ്ട വിവാഹബന്ധത്തില്‍ നിന്നും ഞാനും സൈന്ധവിയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനമാണിത്. ഞങ്ങളുടെ വ്യക്തിപരമായ മുന്‍പോട്ടുള്ള ജീവിതത്തിനായി ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ പരസ്പരം എടുക്കുന്ന മികച്ച തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്, ജി വി പ്രകാശ് കുറിച്ചു.
ജി വിയുടേതും സൈന്ധവിയുടേതും സ്‌കൂള്‍ കാലം മുതലുള്ള സൌഹൃദമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2013ലാണ് ഇരുവരും വിവാഹിതരായത്. അന്‍വി ഇവരുടെ മകളാണ്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ 'ജെന്റില്‍മാന്‍' എന്ന ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച ജി വി പ്രകാശ് റഹ്മാന്റെ സഹോദരീപുത്രനാണ്. 2004ല്‍ 'അന്യന്‍' എന്ന സിനിമയില്‍ ഹാരിസ് ജയരാജിന്റെ സംഗീതത്തിലൊരിങ്ങിയ ഗാനത്തിലൂടെയാണ് സൈന്ധവി തമിഴ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്.