ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി നടത്തുന്ന പോരാട്ടം എത്രത്തോളം ഫലപ്രദമാണെന്ന ചര്‍ച്ചകള്‍ക്കും തുടക്കമായി.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റില്‍ 2024-25 വര്‍ഷത്തേക്ക് ജിഡിപിയില്‍ 1% കുറവാണ് പ്രവചിക്കുന്നത്. ഈ കാലയളവില്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി 13 തവണ നടത്തിയ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് എതിരായ നീക്കം നടത്തണം.
സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പത്തിന് എതിരായി പോരാടുകയാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 1.75% വളര്‍ച്ച മാത്രം നേടുമെന്നാണ് പ്രവചനം. മൂന്നാം ഘട്ട ഇന്‍കംടാക്‌സ് വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി ജൂലൈ മുതല്‍ ആഴ്ചയില്‍ ശരാശരി 36 ഡോളര്‍ വീതം കുറയും.
ഇതിന് പുറമെ പ്രായമായ ഓസ്‌ട്രേലിയക്കാര്‍ക്ക് 24000 പുതിയ ഹോം കെയര്‍ ഇടങ്ങളും ഒരുക്കും. 29 പുതിയ മെഡികെയര്‍ അര്‍ജന്റ് കെയര്‍ ക്ലിനിക്കുകള്‍ക്ക് പുറമെ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ നിരക്ക് വര്‍ദ്ധന മരവിപ്പിക്കുകയും ചെയ്തു.