ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്
കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഞാണിക്കടവ് വയലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മോഷണം കൂടാതെ കുട്ടിയെ ലൈംഗികമായും പ്രതി ഉപദ്രവിച്ചുവെന്നതിന്റെ തെളിവാണ് മെഡിക്കല്‍ റിപ്പോര്‍ട്ടോടെ പുറത്തുവന്നത്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടി നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

സാധാരണയായി കുട്ടി മുത്തച്ഛനൊപ്പമാണ് ഉറങ്ങുന്നത്. പുലര്‍ച്ചെ മുത്തച്ഛന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന്റെ മുന്‍വാതിലിലൂടെ പ്രവേശിച്ച പ്രതി കുട്ടിയുമായി പിന്‍വാതിലിലൂടെ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വയലില്‍ നിന്ന് കണ്ടെത്തിയത്.

മലയാളം സംസാരിക്കുന്ന മുഖം മറച്ചെത്തിയ വ്യക്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ സ്ത്രീ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 50ന്റെയും 10ന്റെയും നോട്ടുകള്‍ പൊലീസ് കണ്ടെത്തി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡെത്തി പരിശോധന നടത്തി. കുട്ടിയുടെ വീടിനെ കുറിച്ച് ധാരണയുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.Other News in this category4malayalees Recommends