സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു
സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഹാരിസ് വോലോബ വണ്‍ ചിപ്പ് ചലഞ്ചില്‍ പങ്കെടുക്കുകയായിരുന്നു. ഹാരിസ് സ്‌കൂളില്‍ വച്ച് അമിതമായി എരിവുള്ള പാക്വി ചിപ്പ് കഴിക്കുകയും അതിന് ശേഷം പെട്ടെന്ന് വയറുവേദന ഉണ്ടായെന്നും അമ്മ വ്യക്തമാക്കിയിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് ബാസ്‌ക്കറ്റ്‌ബോള്‍ കളിയ്ക്കാനായി പോകുമ്പോള്‍ ബോധരഹിതനാവുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ മരണകാരണം പുറത്തുവരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മുളക്‌പൊടി അമിതമായി ശരീരത്തില്‍ എത്തിയതാണ് ഹൃദയ സ്തംഭനത്തിന് കാരണമെന്നാണ് വ്യക്തമാവുന്നത്.
ക്യാപ്‌സൈസിന്‍ എന്ന മുളകുപൊടി വലിയ അളവില്‍ കഴിച്ചതിനെ തുടര്‍ന്നാണ് ഹാരിസ് ഹൃദയസ്തംഭനം മൂലം മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിസിന് ഹൃദയ സംബന്ധമായ മറ്റൊരു രോ?ഗവും ഉണ്ടായിരുന്നു. ഇതും ഗുരുതരാവസ്ഥയ്ക്ക് കാരണമായി. അതേസമയം, സംഭവത്തിന് ശേഷം പാക്വി ഉല്‍പ്പന്നം നിര്‍മാതാക്കള്‍ കടകളില്‍ നിന്ന് നീക്കം ചെയ്തു. പാക്വി ചിപ്പ് കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചിപ്പ് കമ്പനി തന്നെ അതിന്റെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാന്‍ഡ് അതിന്റെ സൈറ്റില്‍ പറയുന്നു. ആളുകള്‍ക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന ഓക്കാനം എന്നിവ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.