ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്.
സണ്‍ഡേ ടൈംസിന്റെ ധനികരുടെ പട്ടികയിലാണ് ഇവരുടെ വരുമാനം വന്‍തോതില്‍ ഉയര്‍ന്നതായി സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ സാധാരണക്കാര്‍ വലിയ സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്വത്ത് വര്‍ദ്ധിക്കുന്നുവെന്ന് വിമര്‍ശനം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ലേബര്‍.
സുനാകിന്റെയും, മൂര്‍ത്തിയുടെയും ആസ്തി ഇപ്പോള്‍ 651 മില്ല്യണ്‍ പൗണ്ടായാണ് ഉയര്‍ന്നിരിക്കുന്നത്. 2023-ല്‍ ഇത് 529 മില്ല്യണ്‍ പൗണ്ടായിരുന്നു. പ്രധാനമന്ത്രി 'ധനികനാണെന്ന്' പല സര്‍വ്വെകളിലും പൊതുജനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അക്ഷതാ മൂര്‍ത്തിയുടെ പിതാവ് നാരായണ മൂര്‍ത്തിയുടെ ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസിലെ ഓഹരി മൂല്യം ഉയര്‍ന്നതാണ് ദമ്പതികളുടെ വരുമാനത്തിലും പ്രതിഫലിച്ചത്. അക്ഷതയുടെ ഓഹരികളുടെ മൂല്യം 108.8 മില്ല്യണ്‍ പൗണ്ട് വര്‍ദ്ധിച്ച് 590 മില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.