അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവാണ് വരുത്തിവെയ്ക്കുന്നത്.
മദ്യപാനം മൂലം എന്‍എച്ച്എസിന് മാത്രം വരുന്ന ചെലവ് 4.9 ബില്ല്യണ്‍ പൗണ്ടാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ഡാറ്റ വ്യക്തമാക്കി. രാജ്യത്തെ പകുതി നഴ്‌സുമാരുടെയും ശമ്പളം കൊടുക്കാനുള്ള തുകയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2022-ല്‍ 10,048 പേരാണ് മദ്യപിച്ച് മരണത്തിലേക്ക് പോയതെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാന ശീലം മൂലം നേരിട്ട ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍, സ്‌ട്രോക്ക്, ദഹനപ്രശ്‌നങ്ങള്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയാണ് മരണത്തിലേക്ക് നയിച്ചത്.
മദ്യപാനത്തിന്റെ ബലത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും മൂലം 14.58 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവും നേരിടുന്നു. ആളുകളെ കാണാതാകുക, ജോലിയില്‍ ഉത്പാദനക്ഷമത കുറയുക എന്നിവയുമായി സമ്പദ് വ്യവസ്ഥയ്ക്ക് 5.06 ബില്ല്യണ്‍ പൗണ്ട് നഷ്ടവും സംഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇതോടെ മദ്യത്തില്‍ നിന്നും വര്‍ഷാവര്‍ഷം ലഭിക്കുന്ന 12.5 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തേക്കാള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്ന് ഐഎഎസ് ചൂണ്ടിക്കാണിച്ചു.