തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍ നിറയാറുള്ള നടി അനുഷ്‌ക ഷെട്ടിയെ താരം വിവാഹം ചെയ്യുമെന്ന പ്രചാരണങ്ങള്‍ വരെ എത്തിയിരുന്നു.
'പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു, കാത്തിരിക്കൂ' എന്നായിരുന്നു പ്രഭാസിന്റെ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നില്‍ തന്റെ വിവാഹകാര്യമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രഭാസ്. താരം പോസ്റ്റ് ചെയ്ത മറ്റൊരു ഇന്‍സ്റ്റ സ്‌റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പുതിയ ചിത്രം 'കല്‍2898 എഡി'യുടെ അപ്‌ഡേറ്റ് വരുന്നതിനെ കുറിച്ച് ആയിരുന്നു തന്റെ ആദ്യത്തെ പോസ്റ്റ് എന്ന് വ്യക്തമാക്കി കൊണ്ടാണ് നടന്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മെയ് 18ന് 5 മണിക്കാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തുക. ഇക്കാര്യമാണ് പ്രഭാസ് കുറച്ചധികം ബില്‍ഡപ്പ് നല്‍കി പങ്കുവച്ചത്.