ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍
ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ ശ്വേത പട്ടേലാണ് (42) അറസ്റ്റിലായത്. ഫ്‌ലോറിഡയിലെ ബ്രാഡന്റണില്‍ നിന്നുള്ള ഒരു വ്യക്തിക്ക് 1.5 മില്യണ്‍ ഡോളറിന്റെ (ഏകദേശം 12.52 കോടി രൂപ) നഷ്ടം സംഭവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മെയ് ഒമ്പതിന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഫെബ്രുവരിയില്‍ ഫെഡറല്‍ ഏജന്റുമാരായി വേഷമിട്ട തട്ടിപ്പുകാര്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് വ്യാജ അറസ്റ്റ് വാറണ്ട് ഉപയോഗിച്ചാണ് ഇരയെ പറ്റിച്ചത്. പിന്നീട് ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് ഇയാളെ നിരന്തരം ബന്ധപ്പെടുകയും വിശ്വാസം പിടിച്ചുപറ്റുകയുമായിരുന്നു. പിന്നീടാണ് സ്വര്‍ണക്കട്ടികള്‍ സ്വന്തമാക്കി മുങ്ങിയത്. ഒരു സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഇരയെ ഇവര്‍ കബളിപ്പിച്ചത്. ഇരയുടെ റിട്ടയര്‍മെന്റ് സമ്പാദ്യമായ ഏകദേശം 1.5 മില്യണ്‍ ഡോളര്‍ സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നതിന് തട്ടിപ്പുകാര്‍ സഹായിക്കുകയും തുടര്‍ന്ന് ശ്വേത പട്ടേല്‍ ഇരയുടെ വീട്ടിലെത്തി സ്വര്‍ണ്ണക്കട്ടികള്‍ എടുത്ത് മുങ്ങുകയുമായിരുന്നു.

ജോര്‍ജിയയിലാണ് ശ്വേത പട്ടേല്‍ താമസിക്കുന്നത്. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. ചോദ്യം ചെയ്യലില്‍, താന്‍ ബോസ് എന്ന് വിളിക്കുന്ന ഒരു വ്യക്തിയുടെ ഇടനിലക്കാരി മാത്രമായിരുന്നുവെന്ന് ശ്വേത വെളിപ്പെടുത്തി. സമാനമായ ഒരു തട്ടിപ്പില്‍ ഇവര്‍ മറ്റൊരു സ്ത്രീയില്‍ നിന്ന് 25,000 ഡോളര്‍ (ഏകദേശം 20.88 ലക്ഷം രൂപ) തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.

Other News in this category4malayalees Recommends