നിലവാരമില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വന്നേക്കും; ഗ്രാജുവേറ്റ് വിസാ റൂട്ട് മികച്ച കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ യുകെ സ്വപ്‌നം പൊലിയും; റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പിടിവീഴും

നിലവാരമില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വന്നേക്കും; ഗ്രാജുവേറ്റ് വിസാ റൂട്ട് മികച്ച കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ യുകെ സ്വപ്‌നം പൊലിയും; റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പിടിവീഴും
ഗ്രാജുവേറ്റ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ഋഷി സുനാക്. ഗുണമേന്മയില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രധാനമന്ത്രി നീങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഗ്രാജുവേറ്റ് വിസാ റൂട്ട് യുകെയില്‍ ജോലി ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗമാക്കി മാറ്റുന്നതിന് എതിരെ നടപടി വരുന്നത്.

നിലവാരമില്ലാത്ത, തട്ടിക്കൂട്ട് കോഴ്‌സുകള്‍ക്ക് വിസ അനുവദിക്കുന്നത് വിലക്കാനാണ് ആലോചന. മികച്ച കോഴ്‌സുകള്‍ക്ക് മാത്രം വിദേശ പൗരന്‍മാര്‍ ഇവിടെ വന്നാല്‍ മതിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നിലപാട്. കൂടാതെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ പ്രയോജനപ്പെടുത്തി വിദേശ വിദ്യാര്‍ത്ഥികളെ ചാക്കിലാക്കുന്ന പരിപാടിക്കും നിയന്ത്രണം വരും.

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസകളില്‍ മാറ്റങ്ങള്‍ നടപ്പാക്കി രണ്ട് വര്‍ഷം യുകെയില്‍ ജോലി ചെയ്യാന്‍ ലക്ഷ്യമിട്ട് എത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് ഉദ്ദേശം. എന്നാല്‍ സ്വന്തം മന്ത്രിമാരില്‍ നിന്നും സുനാകിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ യുകെ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ ഇടയാക്കും.

യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് മൂലം ലഭിക്കുന്ന ഗുണങ്ങള്‍ മുന്‍നിര്‍ത്തി ഗ്രാജുവേറ്റ് വിസ റൂട്ടില്‍ പുതിയ നിയന്ത്രണങ്ങള്‍ വേണ്ടെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ട്. എന്നിട്ടും നിയന്ത്രണങ്ങളുമായി സുനാകിന് മുന്നോട്ട് പോകേണ്ടി വരുന്നത് തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്നാണ്.

Other News in this category



4malayalees Recommends