കേസ് തീര്‍ക്കാന്‍ യുവതി ഒപ്പിട്ട് തന്നു, രഹസ്യമൊഴി ബാധിക്കില്ല'; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണമെന്ന് പന്തീരാങ്കാവ് കേസില്‍ പ്രതിഭാഗം വക്കീല്‍

കേസ് തീര്‍ക്കാന്‍ യുവതി ഒപ്പിട്ട് തന്നു, രഹസ്യമൊഴി ബാധിക്കില്ല'; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണമെന്ന് പന്തീരാങ്കാവ് കേസില്‍ പ്രതിഭാഗം വക്കീല്‍
തിരുവനന്തപുരത്ത് വച്ച് പരാതിക്കാരി കേസ് തീര്‍ക്കാനുള്ള രേഖകള്‍ ഒപ്പിട്ട് തന്നുവെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതി ഭാഗം വക്കീല്‍. രഹസ്യമൊഴി രേഖപ്പെടുത്തിയത് കേസിനെ ബാധിക്കില്ലെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണം. പരാതിക്കാരിക്ക് പരിക്ക് പറ്റിയെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ രീതിയില്‍ അന്വേഷിച്ചിരുന്നുവെങ്കില്‍ പൊലീസിനെതിരെ പോലും നടപടി ഉണ്ടാവില്ലായിരുന്നു. കഴിഞ്ഞ 29നാണ് അഫിഡവിറ്റ് യുവതി ഒപ്പ് വച്ചത്. അതിന് ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും പ്രതിഭാഗം വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കേസിലെ മൊഴി മാറ്റി യുവതി രംഗത്തെത്തിയിരുന്നു. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങള്‍ തള്ളിയ യുവതി, താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമാണ് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.

രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിയതെന്ന് യുവതി പറയുമ്പോള്‍ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends