റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ് വാഹനാപകടത്തില്‍ മരിച്ചു

റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ് വാഹനാപകടത്തില്‍ മരിച്ചു
കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു. ആറുവയസുകാരി സമന്‍വി രൂപേഷ് ആണ് മരണപ്പെട്ടത്. 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' റിയാലിറ്റിഷോയിലെ മികച്ച മത്സരാര്‍ഥിയായിരുന്നു സമന്‍വി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223ാം നമ്പര്‍ മെട്രോ തൂണിനുസമീപം ടിപ്പര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമന്‍വിയുടെ അച്ഛന്‍ രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകവെയായിരുന്നു അപകടം നടന്നത്. ഈ സമയം കൊനനകുണ്ഡെ ക്രോസില്‍നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തില്‍ പോയ ട്രക്ക് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിച്ചു.

ഇതേത്തുടര്‍ന്ന് ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.


Other News in this category4malayalees Recommends