യുഎസിലെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അനിശ്ചിതത്വം നിഴലിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കറായ കെവിന് മാക് കാര്‍ത്തിയും പറയുമ്പോഴും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതായത് രാജ്യത്തിന്റെ കടമെടുക്കല്‍ പരിധി യഥാസമയം ഉയര്‍ത്താന്‍ നെഗോഷ്യേറ്റര്‍മാര്‍ തയ്യാറാവാത്തതിനാല്‍ ഇത് സംബന്ധിച്ച കരാറുകളൊന്നുമായിട്ടില്ലെന്നാണ് ഔദ്യോഗിക ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത ചൊവ്വാഴ്ചയും നടക്കുന്നതാണ്. രാജ്യത്തിന്റെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ സുപ്രധാനമായ തീരുമാനമെടുക്കുകയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പെട്ട പ്രസിഡന്റ് ജോ ബൈഡനെയും റിപ്പബ്ലിക്കന്‍ സ്പീക്കറായ കെവിനെയും സംബന്ധിച്ച് നിര്‍ണായകമാണ്. കടപരിധി ഉയര്‍ത്താനുള്ള സമയപരിധി നിലവില്‍ വെറും 10 ദിവസങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കേ ഇത് സംബന്ധിച്ച സമ്മര്‍ദങ്ങള്‍ക്ക് ഇരുവര്‍ക്കും മേല്‍ നാള്‍ക്ക് നാള് വര്‍ധിക്കുകയാണ്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കെവിനും നെഗോഷ്യേറ്റര്‍മാരും തുടരുമെന്നാണ് തിങ്കളാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇറക്കിയ പ്രസ്താവനയില്‍ ബൈഡന് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തിന് കടം വാങ്ങുന്നതിനുള്ള പരിധി 31 ട്രില്യണ്‍ ഡോളറാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് തിരക്കിട്ട് നടക്കുന്നത്. രാജ്യത്ത് ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ച് വരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സത്വരം പുരോഗതിക്കുന്നതെന്നതും നിര്‍ണായകമാണ്.