കാനഡയിലെ 2023 ആദ്യ ക്വാര്‍ട്ടറിലെ ജിഡിപി കണക്കുകള്‍ സ്റ്റാറ്റിറ്റിക്സ് കാനഡ ഇന്ന് പുറത്ത് വിടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പോക്ക് ഏത് വിധത്തിലാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളെന്ന നിലയില്‍ ഇതിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. ഈ വര്‍ഷത്തിലെ ആദ്യത്തെ മാസങ്ങളില്‍ കാനഡയിലെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് (ജിഡിപി) 2.5 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടിപ്പിച്ചുവെന്നാണ് സ്റ്റാറ്റിറ്റിക്സ് കാനഡ നേരത്തെ കണക്ക് കൂട്ടിയിരുന്നത്.
എന്നാല്‍ ഫെബ്രുവരിയില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ മാര്‍ച്ചില്‍ 0.1 ശതമാനം സങ്കോചിച്ചുവെന്നാണ് സ്റ്റാറ്റിറ്റിക്സ് കാനഡയുടെ കഴിഞ്ഞ മാസം പുറത്ത് വിട്ട ഇനീഷ്യല്‍ എസ്റ്റിമേറ്റ് പ്രവചിച്ചിരുന്നത്. അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച പുതിയ തീരുമാനം ബാങ്ക് ഓഫ് കാനഡ അടുത്ത വാരത്തിലെടുക്കാനിരിക്കെയാണ് പുതിയ ജിഡിപി കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതെന്നത് നിര്‍ണായകമാണ്. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന നടപടി ബാങ്ക് ഓഫ് കാനഡ ഈ വര്‍ഷം ആദ്യം നിര്‍ത്തി വച്ചിരുന്നു.
എന്നാല്‍ ഏപ്രില്‍ മുതല്‍ ആരംഭിച്ച പണപ്പെരുപ്പ നിരക്കിലെ വര്‍ധനവ് പിടിച്ച് നിര്‍ത്താന്‍ അടിസ്ഥാന പലിശനിരക്കുയര്ത്തണമോയെന്ന കാര്യം ബാങ്ക് അവലോകനം ചെയ്ത് വരുന്നുവെന്നാണ് ബാങ്ക് ഗവര്‍ണറായ ടിഫ് മാക്ലെം സൂചന നല്‍കിയിരിക്കുന്നത്. ജീവിതച്ചെലവുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പുതിയ ജിഡിപി കണക്കുകളെ ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ജിഡിപി സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോള നിര്‍ണായകമാണ്.