'പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം': അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

'പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം': അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെ നടന്‍ അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരിക്കുകയാണ്. നടനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ നടനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍.

അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശില്‍പ്പമാണ് നല്‍കുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാര്‍ഡ് സമ്മാനിക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.

'ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലന്‍സിയറുടെ കുടുംബവും ചടങ്ങില്‍ പങ്കെടുക്കും. ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ടെന്നും അജിത് കുമാര്‍ പറയുന്നു.

പുരുഷന്‍മാരും അലന്‍സിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാര്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ വാര്‍ത്താ സമ്മേളനം നടത്തി പങ്കുവയ്ക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തുക കുറഞ്ഞുപോയതിനെ പറ്റിയും അലന്‍സിയര്‍ പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം ആ പണം മുഴുവന്‍ നല്‍കിയത് ആതുര സേവനത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് അദ്ദേഹം ആ പണം കുറഞ്ഞു പോയതിനെ പറ്റി പറഞ്ഞത്. ആതുര സേവനം നല്‍കുന്നവര്‍ക്കായാണ് അലന്‍സിയര്‍ സഹായം നല്‍കുന്നത്. ഞങ്ങളുടെ ഒരു പങ്കും അതിന് ഉണ്ടാകട്ടേ എന്നാണ് ചിന്ത എന്നും അജിത് കുമാര്‍ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. പുരസ്‌കാരമായി ആണ്‍കരുത്തുള്ള പ്രതിമ വേണമെന്നും അങ്ങനെയൊന്ന് കിട്ടുന്ന അന്ന് അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. 25000 രൂപ തന്ന് തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നും നടന്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends