ബ്രിട്ടനില്‍ ഒമിക്രോണിന്റെ ചിറകിലേറി കൊറോണയ്ക്ക് പുതിയ റെക്കോര്‍ഡ്; 189,846 പോസിറ്റീവ് ടെസ്റ്റുകള്‍ രേഖപ്പെടുത്തി യുകെ; ആശുപത്രി പ്രവേശനങ്ങള്‍ ഒരാഴ്ച കൊണ്ട് 65% ഉയര്‍ന്നു; വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

ബ്രിട്ടനില്‍ ഒമിക്രോണിന്റെ ചിറകിലേറി കൊറോണയ്ക്ക് പുതിയ റെക്കോര്‍ഡ്; 189,846 പോസിറ്റീവ് ടെസ്റ്റുകള്‍ രേഖപ്പെടുത്തി യുകെ; ആശുപത്രി പ്രവേശനങ്ങള്‍ ഒരാഴ്ച കൊണ്ട് 65% ഉയര്‍ന്നു; വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

ബ്രിട്ടന്റെ കൊറോണാവൈറസ് കേസുകളുടെ കുതിപ്പില്‍ അയവില്ല. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോഴും റെക്കോര്‍ഡ് കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. 189,846 പോസിറ്റീവ് ടെസ്റ്റുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയത്.


ആശുപത്രി അഡ്മിഷനുകള്‍ ഒരാഴ്ചയ്ക്കിടെ 65 ശതമാനത്തിലേറെയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗത്തിന് സമാനമായ രീതിയിലാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വാര്‍ഡുകളില്‍ രോഗികളെത്തുന്നത്. 203 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് യുകെയില്‍ ഞെട്ടിക്കുന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലുമാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്.

ന്യൂ ഇയര്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പുതിയ വിലക്കുകളില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. കോവിഡ് കേസുകളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുന്നതിന് പുറമെ എന്‍എച്ച്എസില്‍ ജീവനക്കാര്‍ ക്വാറന്റൈനിലാകുന്നത് രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകുകയും ചെയ്തത് എന്‍എച്ച്എസിന് പ്രതിസന്ധി സമ്മാനിക്കുന്നുണ്ട്. എന്‍എച്ച്എസിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് എംപിമാര്‍.

ഇംഗ്ലണ്ടില്‍ കോവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നില്‍ ഒരു രോഗി വീതം വൈറസ് ബാധിച്ച് ചികിത്സയ്ക്ക് എത്തിയവരല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് എത്തിയപ്പോള്‍ അവിചാരിതമായി ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ക്വാറന്റൈനിലാകുന്നത് ഹെല്‍ത്ത് സര്‍വ്വീസ് മേഖലയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനേക്കാള്‍ വലിയ പ്രതിസന്ധി ഇതാണെന്നാണ് വിദഗ്ധരുടെ നിലപാട്. കൃത്യസമയത്ത് ടെസ്റ്റിംഗ് നടത്തി ജോലിക്ക് മടങ്ങിയെത്താന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല.
Other News in this category



4malayalees Recommends