ഇന്ത്യക്കാര്‍ക്കായി അതിര്‍ത്തി തുറക്കാന്‍ യുകെ; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയേക്കും; ചൈനയ്ക്ക് പണികൊടുക്കാന്‍ ഇന്ത്യയെ സുഖിപ്പിക്കുന്നത് കുടിയേറ്റത്തിന് അനുകൂലം!

ഇന്ത്യക്കാര്‍ക്കായി അതിര്‍ത്തി തുറക്കാന്‍ യുകെ; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയേക്കും; ചൈനയ്ക്ക് പണികൊടുക്കാന്‍ ഇന്ത്യയെ സുഖിപ്പിക്കുന്നത് കുടിയേറ്റത്തിന് അനുകൂലം!

യുകെയെ സ്വപ്‌നം കണ്ട് നടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുണ്ട് ഇന്ത്യയില്‍. എന്നാല്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യക്കാര്‍ക്ക് യുകെയിലേക്ക് ചേക്കേറുന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ചില വിഭാഗങ്ങള്‍ സ്റ്റുഡന്റ് വിസ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കിയിരുന്നു.


എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് യുകെ ഒരു സന്തോഷ വാര്‍ത്തയുമായി എത്തുമെന്നാണ് കരുതുന്നത്. 2022ല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ ജീവിക്കാനും, ജോലി ചെയ്യാനും സാധിക്കുന്ന തരത്തില്‍ ഇമിഗ്രേഷന്‍ വിലക്കുകളില്‍ ഇളവ് നല്‍കാന്‍ മന്ത്രിമാര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഡല്‍ഹിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സുപ്രധാനമാകും.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള ഓഫര്‍ സുപ്രധാനമായി ഉയര്‍ത്തിക്കാണിക്കാനാണ് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ആനി മേരി ട്രെവെല്യാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. മേഖലയില്‍ ചൈനയുടെ ആധിപത്യം വളരുന്നതിന് തടയിടാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയെ സുഖിപ്പിക്കല്‍!

വ്യാപാര ചര്‍ച്ചകളില്‍ അനായാസ വിസ ഓഫര്‍ ചെയ്യേണ്ടി വരുമെന്ന് മന്ത്രിമാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മുന്‍ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസിന്റെ പിന്തുണയും ട്രെവെല്യാനുണ്ട്. എന്നാല്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഈ നീക്കത്തെ എതിര്‍ക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയക്ക് നല്‍കുന്നതിന് സമാനമായ വിസ ഡീലാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുകെ ഓഫര്‍ ചെയ്യുക. ഇതുവഴി മൂന്ന് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്ത് താമസിക്കാന്‍ യുവാക്കള്‍ക്ക് വഴിയൊരുക്കും. കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസ് കുറയ്ക്കാനും, ഗ്രാജുവേഷന് ശേഷം താല്‍ക്കാലിക വിസയില്‍ താമസം അനുവദിക്കാനും പദ്ധതികളുണ്ട്.

1400 പൗണ്ട് വരെ ചെലവുള്ള വര്‍ക്ക്, ടൂറിസം വിസയുടെ ഫീസും ചിലപ്പോള്‍ കുറയ്ക്കും. ഇന്ത്യയുമായി ഫ്രീ ട്രേഡ് എഗ്രിമെന്റ് നേടുകയാണ് യുകെയുടെ ലക്ഷ്യം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അംഗീകരിച്ച 2030 റോഡ്മാപ്പ് മുന്‍നിര്‍ത്തിയാണ് ഈ നീക്കങ്ങള്‍. 2 ട്രില്ല്യണ്‍ മൂല്യമുള്ള ഇന്ത്യയുടെ ജിഡിപി കണ്ട് മോഹിച്ചാണ് ബോറിസ് വ്യാപാര കരാറിനായി ശ്രമിക്കുന്നത്.

ബ്രക്‌സിറ്റ് പൂര്‍ത്തിയായ ഘട്ടത്തില്‍ ചരിത്ര പ്രാധാന്യമുള്ള കരാര്‍ ഇന്ത്യയുമായി ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ബോറിസ് ജോണ്‍സന് സുപ്രധാന നേട്ടമാകും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറക്കാന്‍ ബോറിസിന് വലിയ മടി കാണില്ല.
Other News in this category



4malayalees Recommends