കോവിഡ് അഡ്മിഷനുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഓപ്പറേഷന്‍ റദ്ദാക്കും; 40 ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ വീതം രോഗബാധിതരോ, ഐസൊലേഷനിലോയെന്ന് കണക്കുകള്‍; ക്വാറന്റൈന്‍ ചുരുക്കില്ല

കോവിഡ് അഡ്മിഷനുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഓപ്പറേഷന്‍ റദ്ദാക്കും; 40 ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ വീതം രോഗബാധിതരോ, ഐസൊലേഷനിലോയെന്ന് കണക്കുകള്‍; ക്വാറന്റൈന്‍ ചുരുക്കില്ല

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായാല്‍ അടുത്ത ആഴ്ച മുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഓപ്പറേഷനുകള്‍ റദ്ദാക്കുമെന്ന് ആശുപത്രി മേധാവികളുടെ മുന്നറിയിപ്പ്.


ഓരോ 16 ദിവസം കൂടുമ്പോഴും ആശുപത്രി അഡ്മിഷനുകള്‍ ഇരട്ടിക്കുന്നതായാണ് മന്ത്രിമാര്‍ക്ക് ലഭിച്ച മോഡലിംഗ് വ്യക്തമാക്കുന്നത്. ജനുവരി മധ്യത്തോടെ കേസുകള്‍ പീക്കിലെത്തുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

എന്നാല്‍ കോവിഡ് ബാധിച്ചവരുടെ ഐസൊലേഷന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറയ്ക്കണമെന്ന ആവശ്യം മന്ത്രിമാര്‍ അംഗീകരിക്കുന്നില്ല. 30 ശതമാനം വരെ ആളുകള്‍ ഈ ഘട്ടത്തിലും ഇന്‍ഫെക്ഷന്‍ പകരാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിന് കാരണം.

ഇംഗ്ലണ്ടിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2370 കോവിഡ് അഡ്മിഷനുകളാണ് ഒടുവില്‍ രേഖപ്പെടുത്തിയത്. ഇനിയും കേസുകള്‍ ഇരട്ടിച്ചാല്‍ കഴിഞ്ഞ ജനുവരിയിലെ പീക്കിനെയും മറികടക്കും. ഇംഗ്ലണ്ടിലെ കോവിഡ് കേസുകള്‍ രണ്ടാം തവണയാണ് 160,000 കടന്നിരിക്കുന്നത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്ക് പ്രകാരം 162,572 പുതിയ ഇന്‍ഫെക്ഷനുകളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. അതേസമയം കോവിഡ് മൂലം 40 എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ വീതം ജോലിക്കെത്തുന്നില്ലെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കി.

രോഗം ബാധിച്ചോ, ഐസൊലേഷനിലാവുകയോ ചെയ്തത് മൂലം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ അവധിയിലാകുന്നതിനാല്‍ ആശുപത്രി സേവനങ്ങള്‍ ഏത് സമയവും തകരാമെന്നാണ് മുന്നറിയിപ്പ്. ഡിസംബറില്‍ ഒന്നിന് 12,508 ജീവനക്കാരാണ് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ജോലിക്കെത്താതെ പോയത്. ബോക്‌സിംഗ് ഡേയില്‍ ഇത് 24632 ആയി ഉയര്‍ന്നു.

എന്നാല്‍ 983,000 ജോലിക്കാരുള്ള എന്‍എച്ച്എസിലെ 2.5 ശതമാനം മാത്രമാണ് വൈറസ് മൂലം ലീവെടുത്തിരിക്കുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നത്.
Other News in this category



4malayalees Recommends