ഒന്നര ലക്ഷം കടന്ന് വീണ്ടും യുകെയിലെ കോവിഡ് കേസുകള്‍; 42 പേര്‍ കൂടി രോഗബാധിതരായി മരിച്ചു; ഒരാഴ്ച കൊണ്ട് യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് 50%; എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിസന്ധിയിലാക്കി ജീവനക്കാരുടെ ക്ഷാമം

ഒന്നര ലക്ഷം കടന്ന് വീണ്ടും യുകെയിലെ കോവിഡ് കേസുകള്‍; 42 പേര്‍ കൂടി രോഗബാധിതരായി മരിച്ചു; ഒരാഴ്ച കൊണ്ട് യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് 50%; എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിസന്ധിയിലാക്കി ജീവനക്കാരുടെ ക്ഷാമം

ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി 24 മണിക്കൂറില്‍ 157,758 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെയുള്ള ഒരാഴ്ചയില്‍ കേസുകള്‍ 50% ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.


കോവിഡ് പോസിറ്റീവായി കണ്ടെത്തി 28 ദിവസത്തിനകം ഇംഗ്ലണ്ടില്‍ 42 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകളില്‍ ബുധനാഴ്ചത്തെ ഡാറ്റയാണ് ഏറ്റവും ഒടുവില്‍ ലഭ്യമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ 11,918 പേരാണ് ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

യുകെയില്‍ ഇതുവരെ 174,000 പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചിട്ടുള്ളതെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. ഇതിനിടെ എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമം മൂലം പ്രതിസന്ധി രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


എന്നാല്‍ തല്‍ക്കാലത്തേക്ക് വിലക്കുകള്‍ പ്രഖ്യാപിക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. എന്‍എച്ച്എസിലും, ആശുപത്രികളിലുമുള്ള സമ്മര്‍ദം തിരിച്ചറിഞ്ഞതായി വ്യക്തമാക്കുമ്പോഴും വരുന്ന ഏതാനും ആഴ്ചകളില്‍ ഇത് വര്‍ദ്ധിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

അര ഡസനിലേറെ എന്‍എച്ച്എസ് ട്രസ്റ്റുകളാണ് 'ഇന്റേണല്‍ ക്രിട്ടിക്കല്‍ ഇന്‍സിഡന്റുകള്‍' രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ അവധിയെടുക്കുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തിലാണെന്ന് ഹെല്‍ത്ത് നേതാക്കളും വ്യക്തമാക്കി.

Other News in this category



4malayalees Recommends