2 ലക്ഷം കടന്ന് റെക്കോര്‍ഡിട്ട് യുകെയിലെ കോവിഡ് കേസുകള്‍; എന്‍എച്ച്എസ് യുദ്ധസന്നാഹം നടത്തണമെന്ന് പ്രധാനമന്ത്രി; ഒമിക്രോണ്‍ വേരിയന്റിനെ പുതിയ വിലക്കുകളില്ലാതെ തുരത്തണമെന്ന് ബോറിസ് ജോണ്‍സണ്‍; എന്‍എച്ച്എസ് വിയര്‍ക്കുന്നു

2 ലക്ഷം കടന്ന് റെക്കോര്‍ഡിട്ട് യുകെയിലെ കോവിഡ് കേസുകള്‍; എന്‍എച്ച്എസ് യുദ്ധസന്നാഹം നടത്തണമെന്ന് പ്രധാനമന്ത്രി; ഒമിക്രോണ്‍ വേരിയന്റിനെ പുതിയ വിലക്കുകളില്ലാതെ തുരത്തണമെന്ന് ബോറിസ് ജോണ്‍സണ്‍; എന്‍എച്ച്എസ് വിയര്‍ക്കുന്നു

കോവിഡ് കേസുകള്‍ യുകെയില്‍ ദിവസേന റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ മഹാമാരി തുടങ്ങിയ ശേഷം ഇതുവരെ കാണാത്ത പുതിയ റെക്കോര്‍ഡിട്ടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ യുകെ ഞെട്ടിച്ചിരിക്കുന്നത്. ആദ്യമായി 2 ലക്ഷം കടന്ന് പുതിയ രോഗികളെ സ്ഥിരീകരിച്ച് കൊണ്ടാണ് യുകെയില്‍ ഈ മുന്നേറ്റം.


എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ സമാനമായ ഭയപ്പെടുത്തുന്ന അവസ്ഥകളാണ് ഉണ്ടാവുകയെന്നും, ഇതിനെ നേരിടാന്‍ പുതിയ വിലക്കുകളില്‍ വരില്ലെന്നുമാണ് ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. പ്ലാന്‍ ബി വിലക്കുകള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകാനാണ് താന്‍ ക്യാബിനറ്റില്‍ നിര്‍ദ്ദേശിക്കുകയെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍എച്ച്എസ് യുദ്ധസന്നാഹത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു.

218,000 കേസുകളാണ് യുകെയിലെ ഔദ്യോഗിക കണക്കുകളില്‍ ഒടുവിലായി ഇടംപിടിച്ചത്. അതേസമയം രാജ്യത്തെ അടച്ചിടാതെ തന്നെ ഒമിക്രോണിനെ തുരത്തുകയാണ് വേണ്ടതെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. മരണനിരക്കില്‍ കുതിപ്പില്ലെന്ന സൂചനയാണ് ഇപ്പോഴുമുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും പറഞ്ഞു. ബൂസ്റ്ററുകള്‍ ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വരുന്നതില്‍ നിന്നും 88 ശതമാനം സുരക്ഷ നല്‍കുന്നുണ്ട്.

ഒമിക്രോണ്‍ പീക്കില്‍ എത്തുന്നത് ഏത് വിധത്തിലാകുമെന്നത് അനുസരിച്ചാണ് യുകെയിലെ പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 58 ശതമാനം വര്‍ദ്ധനവാണ് യുകെയില്‍ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ കേസുകള്‍. ആശുപത്രിയില്‍ എത്തുന്ന നല്ലൊരു ശതമാനം രോഗികളും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പോസിറ്റീവായി കണ്ടെത്തുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു.

മഹാമാരി അവസാനിച്ചെന്ന് കരുതുന്നത് തെറ്റായാണ് ചിന്തിക്കുന്നതെന്ന് ബോറിസ് ഓര്‍മ്മിപ്പിച്ചു. കനത്ത സമ്മര്‍ദത്തിലും എന്‍എച്ച്എസ് മഹത്തായ സേവനമാണ് ചെയ്യുന്നത്. ബൂസ്റ്റര്‍ സര്‍വ്വീസുകളും, ഹെല്‍ത്ത് സര്‍വ്വീസും, വിരമിച്ച ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെയും സഹായത്തോടെ മുന്നോട്ട് പോകാമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
Other News in this category



4malayalees Recommends