ക്രിസ്മസിന് മുന്‍പ് തുടങ്ങിയ ലക്ഷത്തിലെ കളിക്ക് അവസാനം; ആദ്യമായി യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഭയപ്പെടുത്തുന്ന ഉപദേശം തുടര്‍ന്ന് സേജ്; സമ്മര്‍ തരംഗം വരും, 10,000 രോഗികള്‍ പ്രതിദിനം ആശുപത്രിയിലെത്തും?

ക്രിസ്മസിന് മുന്‍പ് തുടങ്ങിയ ലക്ഷത്തിലെ കളിക്ക് അവസാനം; ആദ്യമായി യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഭയപ്പെടുത്തുന്ന ഉപദേശം തുടര്‍ന്ന് സേജ്; സമ്മര്‍ തരംഗം വരും, 10,000 രോഗികള്‍ പ്രതിദിനം ആശുപത്രിയിലെത്തും?

ബ്രിട്ടനില്‍ 24 മണിക്കൂറില്‍ നടത്തുന്ന കോവിഡ് ടെസ്റ്റുകളിലെ ഫലങ്ങള്‍ ഏതാനും ആഴ്ചകളായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ച് രണ്ട് ലക്ഷം കേസുകളില്‍ വരെ തൊട്ട ശേഷം ഏതാനും ദിവസങ്ങളായി താഴേക്ക് വന്നുകൊണ്ടിരുന്ന കേസുകള്‍ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 99,952 പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ ആഴ്ചയില്‍ നിന്നും 44 ശതമാനം കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകള്‍ താഴുന്നുവെന്നാണ് സൂചന. കൂടാതെ നാല് ഹോം നേഷണുകളിലും കേസുകള്‍ ഒരു പോലെ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്നാണ് ഏറെക്കുറെ ഉറപ്പാകുന്നത്. ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ നിലയിലാണ്. ജനുവരി 10ലെ കണക്കുകള്‍ പ്രകാരം 2423 പുതിയ അഡ്മിഷനുകളാണ് ഉണ്ടായിട്ടുള്ളത്.

മാസത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ പ്ലാന്‍ ബി വിലക്കുകള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ കോവിഡ് പാസ്‌പോര്‍ട്ടും, വ്യാപകമായ വര്‍ക്ക് ഫ്രം ഹോം നിബന്ധനകളും റദ്ദാക്കാന്‍ മന്ത്രിമാര്‍ താല്‍പര്യപ്പെടുന്നതായാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷയേകുന്ന കണക്കുകള്‍ വിലക്കുകള്‍ ഒഴിവാക്കാന്‍ വഴിയൊരുക്കുന്നതാണ്. അതേസമയം ഏറ്റവും വലിയ സൂചകമായ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 270 പേരുടെ മരണമാണ് ഒടുവിലായി രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി കുറവാണ് ഇപ്പോഴത്തെ മരണങ്ങള്‍. അതേസമയം സമ്മറില്‍ കോവിഡ് കേസുകളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തുമെന്നാണ് ഔദ്യോഗിക മോഡലിംഗ് നല്‍കുന്ന മുന്നറിയിപ്പ്. നം.10ലെ സേജ് ഗ്രൂപ്പിന്റെ പ്രവചനം അനുസരിച്ച് സമ്മറില്‍ പ്രതിദിനം 10,000 രോഗികള്‍ വരെ ആശുപത്രികളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.

സമ്മറില്‍ തരംഗം കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ആളുകളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുകയും, വാക്‌സിന്‍ പ്രതിരോധം കുറയുകയും ചെയ്യുമ്പോള്‍ കേസുകള്‍ ഉയരുമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ ദുരന്തം വരുത്തുമെന്ന പ്രവചനങ്ങള്‍ തെറ്റിയ ശേഷമാണ് പുതിയ ആശങ്ക.
Other News in this category



4malayalees Recommends