റഷ്യ ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസിനൊപ്പം, യുകെയും! ഭീഷണികള്‍ വകവെയ്ക്കാതെ ക്രെംലിന്‍; പാരീസില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ ലോകം

റഷ്യ ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസിനൊപ്പം, യുകെയും! ഭീഷണികള്‍ വകവെയ്ക്കാതെ ക്രെംലിന്‍; പാരീസില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ ലോകം

റഷ്യയും, ഉക്രെയിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ നിലപാട് കടുപ്പിച്ച് യുകെ. ഉക്രെയിനില്‍ അധിനിവേശത്തിന് റഷ്യ തയ്യാറായാല്‍ യുഎസിന് പാത പിന്തുടര്‍ന്ന് തങ്ങളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ഉക്രെയിന്‍ സന്ദര്‍ശനം നടത്തുമെന്നും ട്രസ് കൂട്ടിച്ചേര്‍ത്തു.


അധിനിവേശം നടത്താന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പച്ചക്കൊടി വീശിയാല്‍ നേരിട്ടുള്ള നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് ലിസ് ട്രസ് വ്യക്തമാക്കി. എന്നാല്‍ ഈ ഭീഷണികള്‍ കാര്യമാക്കില്ലെന്ന നിലപാടിലാണ് റഷ്യ. നേതാക്കളുടെ ഭീഷണി ഉപയോഗശൂന്യമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശങ്ങളില്‍ ആസ്തികള്‍ സൂക്ഷിക്കുന്നതില്‍ വിലക്കുള്ളതിനാലാണിത്.

ഇതിനിടെ പാരീസില്‍ നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നുണ്ട്. റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രെയിന്‍ എന്നീ രാജ്യങ്ങളാണ് ഈ ചര്‍ച്ച നടത്തുന്നത്. ഈസ്റ്റ് ഉക്രെയിനില്‍ കീവ് സേനയും, റഷ്യന്‍ പിന്തുണയുള്ള വിമതരും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രശ്‌നം ഒതുക്കാന്‍ ഈ രാജ്യങ്ങള്‍ ഇടപെടുന്നത്.

വര്‍ഷങ്ങളായി ഈ വിഷയത്തില്‍ പുരോഗതി നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഉക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സേന അണിനിരക്കുന്ന ഘട്ടത്തില്‍ നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുകയാണ്. ഉക്രെയിന് നേരിട്ട് പിന്തുണ അറിയിക്കാന്‍ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് എത്തുമ്പോള്‍ യുകെ ശക്തമായ നീക്കം നടത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെ കീവിലേക്ക് ഹൈടെക് ആയുധങ്ങളും, 80 ടണ്‍ യുഎസ് ആന്റി ടാങ്ക് മിസൈലുകളും യുകെ എത്തിച്ചിരുന്നു.

ഉക്രെയിന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും അധിനിവേശം നടത്താനുള്ള പദ്ധതിയില്ലെന്നാണ് റഷ്യയുടെ വാദം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ റഷ്യ നേരിടേണ്ടി വരുമെന്ന് നാറ്റോ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Other News in this category



4malayalees Recommends