ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസ്; മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസ്; മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ ശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാളുടെ രക്ഷിതാക്കള്‍ രംഗത്ത്. കുട്ടിയെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ കളക്ടര്‍ക്കും സി.ഡബ്ലൂ.സിക്കും പൊലീസിനും പരാതി നല്‍കി. മകളെ വിട്ട് നല്‍കാനാവില്ലെന്ന നിലപാടിലാണ് ചില്‍ഡ്രന്‍സ് ഹോം അധികൃതരെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ബുനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഫെബിന്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടനെ തന്നെ പിടികൂടിയിരുന്നു.

ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ട ഇവര്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബെംഗലൂരുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോക്‌സോ 7,8 വകുപ്പുകളും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

കേസില്‍ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുത്തു.

Other News in this category



4malayalees Recommends