കോവിഡ് നിയമലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് 350 കോടിയോളം രൂപ; മാസ്‌കില്ലാത്തതിന് മാത്രം 213 കോടി

കോവിഡ് നിയമലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് 350 കോടിയോളം രൂപ; മാസ്‌കില്ലാത്തതിന് മാത്രം 213 കോടി
സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയായി പിരിച്ചെടുത്തത് മൂന്നൂറ്റിയമ്പത് കോടിയോളം രൂപ. 66 ലക്ഷം പേരാണ് നിയമനടപടി നേരിട്ടത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ഈ ഇനത്തില്‍ മാത്രം 213. 68 കോടി രൂപ പൊലീസ് പിരിച്ചെടുത്തു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2020 മാര്‍ച്ച് മുതലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. അന്ന് മുതല്‍ വിവിധ നിയന്ത്രണ ലംഘനങ്ങളിലായി 66 ലക്ഷത്തോളം പേര്‍ പിടിക്കപ്പെട്ടു. സംസ്ഥാനത്തെ 25 ശതമാനത്തോളം പേരും പിഴ അടയ്ക്കാന്‍ വിധേയരായിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്തതിന് 42,73,735 പേര്‍ പിടിക്കപ്പെട്ടു. 500 മുതല്‍ 2000 രൂപ വരെയാണ് പിഴ ഈടാക്കിയത്. ക്വാറന്റീന്‍ ലംഘനത്തിന് 14,981 പേരില്‍ നിന്നായി 74,90,500 രൂപ പിരിച്ചെടുത്തു. 61 കോടി 35 ലക്ഷത്തോളം രൂപ മറ്റ് കോവിഡ് നിയന്ത്രണം ലംഘനങ്ങള്‍ക്കായി ഈടാക്കി. 12,27,065 പേര്‍ക്കെതിരെ ഇതിന് കേസെടുത്തു. 5,36,911 വണ്ടികള്‍ പിടിച്ചെടുത്തിരുന്നു. 26 കോടി 84 ലക്ഷം പിഴയായി ഈടാക്കി.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ഉള്‍പ്പടെ കേന്ദ്രം പരിഗണിക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും തുടരാനാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends