അറസ്റ്റ് ചെയ്ത് നീക്കിയ വണ്ടിയുടെ ഡീസല്‍ തീര്‍ന്നു ; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ് ; പ്രതിഷേധത്തിനിടെ രസകരമായ സംഭവങ്ങളും

അറസ്റ്റ് ചെയ്ത് നീക്കിയ വണ്ടിയുടെ ഡീസല്‍ തീര്‍ന്നു ; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ് ; പ്രതിഷേധത്തിനിടെ രസകരമായ സംഭവങ്ങളും
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ ചില രസകരമായ സംഭവങ്ങളും അരങ്ങേറി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ ഡീസലില്ലാത്ത വാഹനവുമായാണ് പൊലീസ് എത്തിയത്. ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ തന്നെ വാഹനം തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്.

സംഭവം ഇങ്ങനെയാണ്, കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്ന് പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കേറ്റി. എന്നാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അനങ്ങുന്നില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് വാഹനത്തില്‍ ഡീസല്‍ ഇല്ലെന്ന് മനസിലായത്. അങ്ങനെ സില്‍വര്‍ലൈന് എതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധവുമായി സംഘര്‍ഷഭരിതമായ സ്ഥലത്ത് ചിരി പടര്‍ന്നു.

ഡീസലില്‍ ഇല്ലാത്ത വണ്ടിയുമായാണോ അറസ്റ്റ് ചെയ്യാന്‍ വരുന്നതെന്നും ചോദിച്ച് പ്രതിഷേധക്കാര്‍ തന്നെ വണ്ടി തളളി നീക്കുകയായിരുന്നു. 'ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് വണ്ടി തള്ളി നീക്കിയത്. ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു.

ഒരു പ്രവര്‍ത്തകന്‍ ഡ്രൈവറുടെ അടുത്ത് പോയി സമരത്തിന് വരുമ്പോ മീറ്ററൊക്കെ ഒന്നും നോക്കണമെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. ഒരു വാഹനത്തില്‍ ഡീസല്‍ അടിക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കടം വാങ്ങി സില്‍വര്‍ലൈന്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

Other News in this category



4malayalees Recommends