നഴ്‌സായ ഭാര്യ യുഎസിലെ രണ്ട് ആശുപത്രികളില്‍ ജോലി ചെയ്തു അക്കൗണ്ടിലിട്ട പണമാണ് കാമുകിയ്ക്കായി സിജു നല്‍കിയത് ; ഒന്നേകാല്‍ കോടിയുടെ തിരിമറി നടന്നത് ബാങ്ക് അക്കൗണ്ടിങ് വിവരങ്ങളിലൂടെ ഭാര്യ കണ്ടെത്തി

നഴ്‌സായ ഭാര്യ യുഎസിലെ രണ്ട് ആശുപത്രികളില്‍ ജോലി ചെയ്തു അക്കൗണ്ടിലിട്ട പണമാണ് കാമുകിയ്ക്കായി സിജു നല്‍കിയത് ; ഒന്നേകാല്‍ കോടിയുടെ തിരിമറി നടന്നത് ബാങ്ക് അക്കൗണ്ടിങ് വിവരങ്ങളിലൂടെ ഭാര്യ കണ്ടെത്തി
നഴ്‌സായ സിജുവിന്റെ ഭാര്യ അക്കൗണ്ടിലിട്ട പണമാണ് സിജുവും കാമുകിയും ധൂര്‍ത്തടിച്ചതെന്ന് പോലീസ്. ഭാര്യ സമ്പാദിച്ച പണം അവരറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തില്‍ അറസ്റ്റ് ഉണ്ടായതിന് പിന്നാലെയാണ് സിജുവിന്റെ ചതി പുറംലോകമറിഞ്ഞത്. യുഎസില്‍ നഴ്‌സായ സിജുവിന്റെ ഭാര്യ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്നു. ഇങ്ങനെ സമ്പാദിച്ച പണമാണ് സിജു കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകാറുള്ള സിജു ഇത്തവണ നാട്ടിലെത്തിയശേഷം തിരികെ മടങ്ങാന്‍ വൈകിയതാണ് ഭാര്യയില്‍ സംശയം ജനിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ പേരിലുള്ള ബാങ്ക് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് കാമുകിയുടെ അക്കൗണ്ടിലേക്ക് ഒന്നേകാല്‍ കോടി രൂപ മാറ്റിയത് കണ്ടെത്തിയത്. സംഭവം പോലീസില്‍ പരാതിപ്പെട്ടതോടെ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ ജോസ് (52), കാമുകി പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക (30) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡിലാക്കി.

കായംകുളം എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലെ പ്രിയങ്കയുടെ അക്കൗണ്ടിലേക്കാണു സിജു പണം മാറ്റിയത്. ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതുവരെ ഒന്നേകാല്‍ കോടി രൂപ മാറ്റിയതില്‍ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പോലീസിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചിട്ടുണ്ട്.

പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന വിവരം ഭാര്യയ്ക്ക് അറിയില്ലായിരുന്നു.ഭാര്യ യുഎസിലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന സിജുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം മാറ്റിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചത്. അതില്‍ നിന്നാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായി അറിഞ്ഞതും ഇവര്‍ കേസുമായി മുന്നോട്ട് പോയതും.



Other News in this category



4malayalees Recommends