പ്ലസ്ടു വിജയിച്ച ആഘോഷത്തില്‍ 17കാരന്‍ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തില്‍; രണ്ട് യുവഎഞ്ചിനീയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ ജനരോഷം ശക്തം

പ്ലസ്ടു വിജയിച്ച ആഘോഷത്തില്‍ 17കാരന്‍ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തില്‍; രണ്ട് യുവഎഞ്ചിനീയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ ജനരോഷം ശക്തം
പുണെയില്‍ പതിനേഴുകാരന്‍ ആഡംബര കാര്‍ അമിതവേഗത്തിലോടിച്ച് രണ്ട് യുവഎഞ്ചിനീയര്‍മാരുടെ ജീവനപഹരിച്ച സംഭവത്തില്‍ ജനരോഷം പുകയുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാണ് ഉയരുന്ന ആവശ്യം. പുണെ കല്യാണിനഗറിലാണ് സംഭവം. പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എന്‍ജിനിയര്‍മാര്‍ മരണപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.15ഓടെയായിരുന്നു സംഭവം.

മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിയായ പതിനേഴുകാരനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയായിരുന്നു.

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത 17കാരന്‍ മദ്യപിച്ച് 240 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതെന്നും അതിനാല്‍ ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം നല്‍കി വിട്ടയച്ചതും വലിയവിമര്‍ശനത്തിന് കാരണമായി.

റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ 17കാരന്‍ പ്ലസ്ടു പരീക്ഷ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മദ്യപിച്ച് ആഡംബര കാര്‍ ഓടിച്ചത്. പ്രതിക്ക് റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ വെച്ചാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്.

രണ്ടുപേരാണ് അപകടത്തില്‍ മരിച്ചതെന്നും പ്രതിക്കെതിരേ ശക്തമായ നടപടി വേണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും മരണപ്പെട്ട അനീഷിന്റെ മുത്തച്ഛന്‍ ആത്മറാം പറഞ്ഞു.




Other News in this category



4malayalees Recommends