റഷ്യയില്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; പുരോഹിതനുള്‍പ്പെടെ 15 മരണം, ഭീകരാക്രമണമെന്ന് സൂചന

റഷ്യയില്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; പുരോഹിതനുള്‍പ്പെടെ 15 മരണം, ഭീകരാക്രമണമെന്ന് സൂചന
റഷ്യയില്‍ പള്ളിക്കും സിനഗോഗിനും നേരെ തോക്കുധാരികളുടെ വെടിവെയ്പ്പ്. ആക്രമണത്തില്‍ 15ലധികം പോലീസുകാരും ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കുകളുമുണ്ട്. റഷ്യയുടെ തെക്കന്‍ റിപ്പബ്ലിക്കായ ഡാഗെസ്താനില്‍ ഞായറാഴ്ചയാണ് ആക്രമണം നടന്നത്.

ഓര്‍ത്തഡോക്‌സ് വൈദികനായ നിക്കോളായ് കോട്ടെല്‍നിക്കോവ് ആണ് മരിച്ച ഒരാള്‍. ഡെര്‍ബെന്റിലെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ ചര്‍ച്ച് ഓഫ് ഇന്റര്‍സെഷന്‍സില്‍ വെച്ചാണ് 66 കാരനായ കോട്ടെല്‍നിക്കോവ് കൊല്ലപ്പെട്ടത്. അതേസമയം മഖച്കലയിലെ ട്രാഫിക് പോലീസ് പോസ്റ്റില്‍ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടതായി ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റൊരു രണ്ട് പ്രതികളെ ഒരു ബീച്ചില്‍ തടഞ്ഞുവച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റഷ്യയിലെ രണ്ട് നഗരങ്ങളിലെ രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സായുധ കലാപത്തിന്റെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിലുണ്ടായ ആക്രമണങ്ങളെ ഭീകരപ്രവര്‍ത്തനമെന്നാണ് റഷ്യയുടെ ദേശീയ ഭീകരവിരുദ്ധ സമിതി സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ മേഖലയില്‍ ദുഃഖാചരണമായി പ്രഖ്യാപിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends