ഇന്ത്യ കാനഡ ബന്ധത്തെ ഉലച്ച് നിജജാര്‍ ചരമ വാര്‍ഷികത്തില്‍ ആചരിച്ച മൗനാചരണം

ഇന്ത്യ കാനഡ ബന്ധത്തെ ഉലച്ച് നിജജാര്‍ ചരമ വാര്‍ഷികത്തില്‍ ആചരിച്ച മൗനാചരണം
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കനേഡിയന്‍ പാര്‍ലമെന്റ് ഹൗസ് ഓഫ് കോമണ്‍സില്‍ ചൊവ്വാഴ്ച മൗനാചരണം നടത്തി. ഇതിന് പിന്നാലെ ഇന്ത്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.

എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 1985ല്‍ എയര്‍ ഇന്ത്യ കനിഷ്‌ക വിമാനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 329 പേരെ ആദരിക്കുന്നതിനായി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകീട്ട് 6.30ന് സ്റ്റാന്‍ലി പാര്‍ക്കിലെ സെപ്പര്‍ലി പ്ലേഗ്രൗണ്ട് ഏരിയയിലാണ് അനുസ്മരണ സമ്മേളനം നടക്കുക.

'ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുകയും എല്ലാ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. എയര്‍ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ 39ാം വാര്‍ഷികമാണ് ജൂണ്‍ 23ന്. ആക്രണത്തില്‍ 86 കുട്ടികള്‍ ഉള്‍പ്പെടെ 329 നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. സിവില്‍ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണമാണ് ഇത്' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കോണ്‍സുലേറ്റ് കുറിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 നാണ് കാനഡയില്‍വച്ച് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ 40 തീവ്രവാദികളുടെ പട്ടികയില്‍ ഇയാളുടെ പേരും ഉണ്ടായിരുന്നു.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. നിജ്ജാറിനെ കൊലപാതകവുമായി ബന്ധപ്പെട്ട് കരണ്‍ ബ്രാര്‍, അമന്‍ദീപ് സിംഗ്, കമല്‍പ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരുള്‍പ്പെടെ നാല് ഇന്ത്യന്‍ പൗരന്മാരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സര്‍ക്കാരുമായി സാമ്പത്തിക ബന്ധങ്ങളും ദേശീയ സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്ന് ട്രൂഡോ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചു.

Other News in this category



4malayalees Recommends