ജിമ്മില്‍ ട്രെഡ്മില്ലില്‍ നിന്ന് ബാലന്‍സ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു ; ദാരുണ മരണം

ജിമ്മില്‍ ട്രെഡ്മില്ലില്‍ നിന്ന് ബാലന്‍സ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു ; ദാരുണ മരണം
കെട്ടിത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജിമ്മില്‍ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. ട്രെഡ്മില്ലില്‍ നിന്നാണ് യുവതി പിന്നിലേക്ക് വീണത്. പിന്നിലുണ്ടായിരുന്ന ജനല്‍ തുറന്നു കിടക്കുകയായിരുന്നതിനാല്‍ അതിലൂടെ കെട്ടിടത്തിന്റെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്തോനേഷ്യയില്‍ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 22 വയസുകാരിയായ യുവതിയാണ് മരിച്ചത്. ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ മുഖം തുടയ്ക്കാന്‍ ടവ്വല്‍ എടുക്കുമ്പോഴാണ് പെട്ടെന്ന് ബാലന്‍സ് തെറ്റി പിന്നിലേക്ക് വീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന ജനലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ജനലിന്റെ ഫ്രെയിമില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്ന് നിലയുടെ ഉയരത്തില്‍ നിന്ന് താഴേക്ക് വീണതിനാല്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ഒരു യുവാവിനൊപ്പമാണ് യുവതി ജിമ്മിലെത്തിയത്. തുടര്‍ന്ന് അര മണിക്കൂറോളം വ്യായാമം ചെയ്തു. ഒപ്പമെത്തിയ യുവാവ് ഈ സമയം രണ്ടാം നിലയിലെ ജിമ്മിലായിരുന്നു. ട്രെഡ്!മില്ലും പിന്നിലെ ജനലും തമ്മില്‍ 60 സെന്റീമീറ്റര്‍ മാത്രം അകലമാണ് ഉണ്ടായിരുന്നതെന്നും അപകടകരമായ രീതിയിലാണ് ട്രെഡ്മില്‍ ജിമ്മിനുള്ളില്‍ സജ്ജീകരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനലുകള്‍ തുറക്കരുതെന്ന് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ടായിരുന്നെങ്കിലും അവയില്‍ പലതും ഇളകിപ്പോയിരുന്നു. ജനലുകള്‍ അടയ്ക്കണമെന്ന് ട്രെയിനര്‍മാരോട് നിര്‍ദേശിച്ചിരുന്നതായാണ് ജിം ഉടമയുടെ വാദം.

Other News in this category



4malayalees Recommends