പകുതി വയസ് മാത്രം പ്രായമുള്ള നായികയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്ത തെലുങ്ക് താരം രവി തേജയ്ക്ക് വിമര്‍ശനവും ട്രോളുകളും. 'മിസ്റ്റര്‍ ബച്ചന്‍' എന്ന ചിത്രത്തില്‍ രവി തേജയും നടി ഭാഗ്യശ്രീ ബോഴ്‌സും ഒന്നിച്ച ഗാനരംഗത്തിനാണ് അതിരുകടന്നു പോയി എന്ന ട്രോളുകള്‍ എത്തുന്നത്.
ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മിക്കി ജെ മേയര്‍ ഈണമിട്ട സിതാര്‍ എന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തെത്തിയത്. എന്നാല്‍ ഗ്ലാമറിന്റെ അതിപ്രസരവും നായകന്റെയും നായികയുടെയും പ്രായ വ്യത്യാസവുമാണ് പിന്നാലെ ചര്‍ച്ചയാത്.
56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്‌ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തിയത് ആരാധകര്‍ വരെ പരിഹസിക്കുകയാണ്. ഗാനം കൊള്ളാമെങ്കിലും രംഗങ്ങള്‍ കണ്ടിരിക്കാനാവില്ല. ഇങ്ങനൊരു ഗാനത്തിന്റെ ലോജിക്ക് എന്താണ് എന്നാണ് പലരും ചോദിക്കുന്നത്.
ഇവിടെ നടിയുടെ മുഖം കാണിക്കാന്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നില്ല, കാരണം അവര്‍ക്ക് വേണ്ടത് അവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള ഒരു വസ്തു മാത്രമാണ് എന്നാണ് ഒരാളുടെ പ്രതികരണം.