'ഇന്ത്യന്‍ 2'വിന് നെഗറ്റീവ് അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ സിനിമയുടെ ദൈര്‍ഘ്യം കുറച്ചതായി റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷം ചിത്രത്തിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന്, ജൂലൈ 14 മുതല്‍ 20 മിനുറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനുറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം. എന്നാല്‍ ട്രിം ചെയ്തതോടെ സിനിമ 2 മണിക്കൂറും 40 മിനുറ്റുമായി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും 26 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ല്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിയുടെ ക്ലൈമാക്‌സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 250 കോടി ബജറ്റില്‍ ആണ് ഇന്ത്യന്‍ 2 ഒരുക്കിയത്.