'പിന്തുണയ്ക്ക് നന്ദി; മതപരമായി വരെ ചര്‍ച്ചകളെത്തി; രമേശ് നാരായണന്റെ വിഷമം എനിക്ക് മനസിലാവും'; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആസിഫ് അലി

'പിന്തുണയ്ക്ക് നന്ദി; മതപരമായി വരെ ചര്‍ച്ചകളെത്തി; രമേശ് നാരായണന്റെ വിഷമം എനിക്ക് മനസിലാവും'; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് ആസിഫ് അലി
നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിവാദത്തില്‍ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.

തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. രമേശ് നാരായണന്‍ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസ്സിലാകുമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാള്‍ക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. അതെന്റെയൊരു അപേക്ഷയാണ്. അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസിലാകും. ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്‌നായി മാറരുത്. എനിക്ക് നിങ്ങളെല്ലാവരും നല്‍കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഐ ലവ് യു ഗയ്‌സ്. നിങ്ങളില്‍ നിന്ന് ഇത്രയും സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' ആസിഫ് അലി പറഞ്ഞു

'എന്തു മറപടി പറയണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു. മതപരമായി വരെ ചര്‍ച്ചകളെത്തി. ഇത്രും സീനിയറായ അദ്ദേഹം മാപ്പ് പറയുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചു. അതേസമയം എന്നെ പിന്തുണച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നി. എല്ലാവരും പിന്തുണച്ചു. വിദ്വേഷ പചാരണം പാടില്ല. അദ്ദേഹത്തിന്റെ വേദന മനസിലായി. അദ്ദേഹത്തിന് വിഷമമാകാത്ത വിധത്തിലാകണം മറുപടിയെന്ന് വിചാരിച്ചു. അതാണ് മറുപടി പറയാന്‍ വൈകിയത്. ഇന്നലെ ഞാന്‍ ഫോണ്‍ ഓഫാക്കി വച്ചു. ഇന്ന് സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മെസേജ് വന്നു. മോനേ… പ്ലീസ് .. കോള്‍ ബാക്ക്.. പിന്നീട് ഫോണില്‍ വിളിച്ചു. അദ്ദേഹം ഒരുപാട് വിഷമത്തിലാണുള്ളതെന്ന് ആ ശബ്ദത്തില്‍ നിന്ന് മനസിലായി. പലപ്പോഴും ശബ്ദം ഇടറി' ആസിഫ് അലി പറയുന്നു.

നമുക്ക് എതിരെ നില്‍ക്കുന്ന ആളിന്റെ മനസ് അറിയാന്‍ ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ എനിക്ക് ഒരുരീതിയിലുള്ള വിഷമവും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് മനുഷ്യസഹജമായി സംഭവിച്ചതാകാം. ഒരു ലൈവ് ഈവന്റില്‍ സംഭവിക്കാവുന്ന തെറ്റുകളെ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിനെതിരായ ഹേറ്റ് ക്യാംപയിന്‍് ഇതോടെ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്' ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends