വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; ഒടുവില്‍ കോടതി ഇടപെടല്‍

വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; ഒടുവില്‍ കോടതി ഇടപെടല്‍
വിദ്യാര്‍ത്ഥി സമ്മാനിച്ച ചോക്ലേറ്റ് സ്വീകരിച്ച നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൈനയിലാണ് സംഭവം നടന്നത്. നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാളായ വാങിനാണ് ജോലി നഷ്ടമായത്. ഏകദേശം 60 രൂപ വിലവരുന്ന ചോക്ലേറ്റ് ബോക്‌സാണ് വിദ്യാര്‍ത്ഥി വാങിന് സമ്മാനിച്ചത്.

ചോങ്കിംഗിലെ സാന്‍സിയ കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി വാങിന് ചോക്ലേറ്റ് ബോക്‌സ് സമ്മാനിക്കുന്നതും അതിന് ശേഷം വാങ് കുട്ടിയെ കെട്ടിപ്പിടിക്കുന്നതും ദൃശ്യമാണ്. ശേഷം ചോക്ലേറ്റ് ബോക്‌സ് തുറന്ന് ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് വാങ് മിഠായി വിതരണം ചെയ്യുകയും ചെയ്തു. ഇതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ത്ഥിയില്‍ നിന്ന് സമ്മാനം സ്വീകരിച്ചതിന്റെ പേരിലാണ് വാങിനെ പിരിച്ചുവിടുന്നതെന്നാണ് നഴ്‌സറി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം വാങ് ലംഘിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ഉപഹാരമോ പണമോ വാങ്ങുന്നത് നിയമപ്രകാരം കുറ്റമാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഇതോടെ വാങ് പരാതിയുമായി ജിയുലോങ്പോ ജില്ലാ പീപ്പിള്‍സ് കോടതിയെ സമീപിച്ചു. ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ ലംഘനമാണെന്ന് സ്‌കൂള്‍ അധികൃതര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വാദങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോടതി തള്ളി. വാങിന്റെ പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്താണ് വിദ്യാര്‍ത്ഥി വാങിന് ചോക്ലേറ്റ് നല്‍കിയതെന്നും വാങ് അത് സ്വീകരിച്ചതിനെ നിയമലംഘനമായി കണക്കാകാനാകില്ലെന്നും കോടതി പറഞ്ഞു. വാങിന് സ്‌കൂള്‍ അധികൃതര്‍ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കോടതി വിധിയ്‌ക്കെതിരെ അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചു. എന്നാല്‍ ഓഗസ്റ്റില്‍ ചോങ്കിംഗ് നമ്പര്‍ 5 പീപ്പിള്‍സ് കോടതി കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചു.

Other News in this category



4malayalees Recommends