ലോകത്തെ തന്നെ അസാധാരണ ആക്രമണം ഇസ്രയേല്‍ നടപ്പാക്കിയോ ? ലെബനോനിലെ കൂട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുല്ല '

ലോകത്തെ തന്നെ അസാധാരണ ആക്രമണം ഇസ്രയേല്‍ നടപ്പാക്കിയോ ?  ലെബനോനിലെ കൂട്ട പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുല്ല '
ലെബനോനിലെ കൂട്ട പേജര്‍ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപിച്ച് ഹിസ്ബുല്ല. ലോകചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിന് തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ആരോപണം ഇസ്രയേലിന് നേര്‍ക്ക് ഉന്നയിച്ച് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാവുകയാണ്.

ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു.

ലെബനോനില്‍ ഉടനീളം ഇന്ന് ഉച്ചയോടെയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. സംഭവത്തില്‍ ഹിസ്ബുല്ലയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു. ലെബനോനിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ഹിസ്ബുല്ലയുടെ ആരോപണം ശരിയാണെങ്കില്‍ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേല്‍ നടപ്പാക്കിയത്.

Other News in this category



4malayalees Recommends