ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ച സംഭവം ; ഇസ്രയേല്‍ പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചെന്ന് ആരോപണം, തിരിച്ചടി ഉടനെന്നും ഹിസ്ബുള്ള

ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ച സംഭവം ; ഇസ്രയേല്‍ പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചെന്ന് ആരോപണം, തിരിച്ചടി ഉടനെന്നും ഹിസ്ബുള്ള
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഇസ്രയേലെന്ന് ലെബനന്‍ സര്‍ക്കാരും ഹിസ്ബുള്ളയും. ഇസ്രയേലിനുള്ള തിരിച്ചടി ഉടനെന്നും ഹിസ്ബുള്ള പറഞ്ഞു. പൊട്ടിത്തെറിച്ച പുതിയ പേജറുകള്‍ തായ്‌വാനില്‍ നിന്നാണ് കൊണ്ടുവന്നത്. ഇസ്രയേല്‍ പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലെബനന്‍ പ്രധാനമന്ത്രി നജീബ് മികാതിയും ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ തീവ്രവാദത്തെ അപലപിക്കുന്നുവെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടന പരമ്പരയില്‍ 2750 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ 200 ഓളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ലെബനാനിലെ ഇറാന്‍ അംബാസഡറും ഉള്‍പ്പെടുന്നുണ്ട്. ഇറാന്‍ അംബാസഡറായ മൊജ്താബ അമാനിക്കാണ് പരിക്കേറ്റത്. ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഹിസ്ബുള്ള പ്രതികരിച്ചു.

ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജര്‍ മെഷീനുകള്‍ ഒരേസമയം ലെബനാനിന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം വൈകുന്നേരം 3:30 ഓടെയായിരുന്നു സ്‌ഫോടനങ്ങള്‍. സിസിടിവി ദൃശ്യങ്ങളില്‍ പോക്കറ്റിലുണ്ടായിരുന്ന പേജര്‍ പൊട്ടിത്തെറിക്കുന്നതും യുവാവ് പിറകിലേക്ക് തെറിച്ചുവീഴുന്നതും കാണാം. തലസ്ഥാനമായ ബെയ്‌റൂട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

Other News in this category



4malayalees Recommends