ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി, ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക

ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി, ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക
ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച മുന്‍ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു.

വികാസ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പന്നുവിനെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം വികാസ് യാദവ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു.

ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു നിലവില്‍ അമേരിക്കന്‍ പൗരനാണ്. പന്നുവിനെ വധിക്കാന്‍ നിഖില്‍ ഗുപ്ത എന്നയാള്‍ക്ക് വികാസ് യാദവ് നിര്‍ദേശം നല്‍കി എന്നാണ് അമേരിക്കയുടെ ആരോപണം. തുടര്‍ന്ന് നിഖില്‍ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാല്‍ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏല്‍പ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്റിനെയായിരുന്നുവെന്നാണ് ആരോപണം.

തുടര്‍ന്ന് നിഖില്‍ ഗുപ്തയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഏജന്റ് അമേരിക്കന്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട് എന്നാണ് അമേരിക്ക നിലവില്‍ അറിയിച്ചിരിക്കുന്നത്. വികാസ് യാദവ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എന്നല്ലാതെ കൂടുതല്‍ പ്രതികരണം ഇന്ത്യ നടത്തിയിട്ടില്ല.

Other News in this category



4malayalees Recommends