അമേരിക്കന്‍ കോടീശ്വരനും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയുമായ ഇലോണ്‍ മസ്‌ക്, ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ വെച്ച് ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസഡര്‍ ആമിര്‍ സഈദ് ഇറവാനിയുമായിട്ടായിരുന്നു മസ്‌കിന്റെ കൂടിക്കാഴ്ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുവെന്നും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനും അമേരിക്കയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കുന്നതും ബന്ധം മെച്ചപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചര്‍ച്ച. യുഎസ് ഉപരോധത്തില്‍ ഇളവുകള്‍ നല്‍കാനും ടെഹ്റാനില്‍ ബിസിനസ് നടത്താനും ഇറാന്‍ അംബാസഡര്‍ മസ്‌കിനോട് യോഗത്തില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ മസ്‌ക് തയാറായിട്ടില്ല. ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും പ്രതികരണത്തിന് തയ്യാറായില്ല. ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായതു മുതല്‍ മസ്‌ക് പരസ്യ പിന്തുണ നല്‍കിയിരുന്നു.
100 മില്യണ്‍ ഡോളര്‍ ട്രംപിന്റെ പ്രചാരണത്തിനായി മസ്‌ക് ചെലവാക്കി. വിജയത്തിന് ശേഷം മസ്‌കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസ്‌കിനെ സര്‍ക്കാറിന്റെ എഫിഷ്യന്‍സി ഡിപാര്‍ട്‌മെന്റ് വകുപ്പ് തലവനായി നിയമിക്കുകയും ചെയ്തു. മസ്‌കിന് വീണ്ടും നിര്‍ണായകമായ ചുമതലകള്‍ നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ബരാക് ഒബാമയുടെ കാലത്ത് കൊണ്ടുവന്ന ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ട്രംപ് തന്റെ അവസാന കാലത്ത് റദ്ദാക്കിയിരുന്നു. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇത്തവണ ഇറാനുമായി അനുരഞ്ജനമാണ് ട്രംപ് ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് അധികാരത്തിലേറും മുമ്പേയുള്ള ചര്‍ച്ചയെന്ന് വിലയിരുത്തുന്നു.