ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും മെട്രോയിലും ബസുകളിലും ഇനി സൗജന്യയാത്ര
രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ എ പി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് നടപടി. ഡിടിസി ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ സിസ്റ്റത്തിന് കീഴില്‍ വരുന്ന ക്ലസ്റ്റര്‍ ബസുകള്‍, മെട്രോ ട്രെയ്‌നുകള്‍ എന്നിവയിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.
മൂന്നു മാസത്തിന് അകം പദ്ധതി നടപ്പാക്കും. നിര്‍ദ്ദേശം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദ്ദേശവും പരിഗണിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് എ എപി നീക്കം.