മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖന്‍ തമ്പി ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തില്‍ ഇന്ന് 4 മണിയ്ക്ക് പ്രഭാഷണം നടത്തുന്നു

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ  മലയാളം ഡ്രൈവില്‍  പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ വൈശാഖന്‍ തമ്പി  ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തില്‍ ഇന്ന് 4 മണിയ്ക്ക് പ്രഭാഷണം നടത്തുന്നു
ഇന്ന് 07/02/2021 ഞായറാഴ്ച 4 PM ന് ( 9.30 PM IST ) മലയാളം ഡ്രൈവില്‍ 'ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തെപ്പറ്റി സംസാരിക്കാന്‍ മലയാളികള്‍ക്ക് ചിരപരിചിതിനായ ഡോ. വൈശാഖന്‍ തമ്പി എത്തുന്നു. ചുറുചുറുക്കും ഊര്‍ജസ്വലതയും നിറഞ്ഞ ഈ ചെറുപ്പക്കാരന്‍, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളില്‍ എല്ലാം പൊന്നുവിളയിച്ച വ്യക്തിത്വത്തിനുടമയാണ്


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (എന്‍ഐഎസ്ടി) സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയി ഇപ്പോള്‍ ജോലി ചെയ്യുന്നു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (എന്‍ഐഎസ്ടി) നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ ഡോക്ടറേറ്റ് കരസ്തമാക്കിയ ഇദ്ദേഹം


അന്താരാഷ്ട്ര ജേണലുകളില്‍ ഏഴ് ഗവേഷണ ലേഖനങ്ങളും മലയാളത്തില്‍ പ്രശസ്തമായ മൂന്ന് ശാസ്ത്ര പുസ്തകങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ശാസ്ത്രസമൂഹത്തെക്കുറിച്ചുള്ള സാമൂഹിക വ്യവഹാരങ്ങളില്‍ സജീവമായ വൈശാഖന്‍ തമ്പി തിരുവനന്തപുരം സ്വദേശിയാണ്.

ഊര്‍വാലം, അഹം ദ്രവ്യാസ്മി, അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങള്‍

എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര ലോകത്തിനും മലയാളത്തിനും ഉള്ള സംഭാവനകളില്‍ ചിലത് മാത്രമാണ്.


മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഈ മാസം അവസാനിക്കുന്ന നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്‌കാരിക പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത അധ്യാപകനും ബാലസാഹിത്യകാരനും ആയ ശ്രീ പി. രാധാകൃഷ്ണന്‍ ആലുവീട്ടില്‍ 'ബാലസാഹിത്യത്തില്‍ കടങ്കഥയുടെ പ്രാധാന്യം' എന്ന പ്രഭാഷണത്തിലൂടെ ആധുനീക ജിവിതവുമായി ബന്ധപ്പെട്ട കടങ്കഥകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം ആധുനീക കടങ്കഥകള്‍ ഉദാഹരിച്ച് അവതരിപ്പിച്ചത് ഒരു വേറിട്ട അനുഭവം ആയിരുന്നു. യു കെ യിലെ കുട്ടികള്‍ അവര്‍ നിരന്തരം കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് കടങ്കഥകള്‍ ഉണ്ടായാല്‍ അവ അവരുടെ മലയാള പഠനത്തെ എത്ര അധികം സഹായിക്കും എന്ന് അദ്ദേഹം വരച്ചുകാട്ടി.


മുന്‍ ആഴ്ചകളില്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയന്‍ ശ്രീ വിനോദ് നാരായണന്‍, ഗോള്‍ഡ് 101.3 FM ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍, ഉത്തരാധുനീക സാഹിത്യകാരന്‍ ശ്രീ പി.എന്‍ ഗോപീകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ സി അനൂപ്, മലയാളം സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ്, മാദ്ധ്യമ പ്രവര്‍ത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരന്‍, മലയാളം മിഷന്‍ ഭാഷാ പ്രവര്‍ത്തകന്‍ ഡോ എം ടി ശശി, പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ കവിത ബാലകൃഷ്ണന്‍, എന്നിവര്‍ നടത്തിയിരുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് താല്പര്യപൂര്‍വ്വം ലൈവില്‍ എത്തിയിരുന്നത്. ഭാഷാ സ്‌നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങള്‍ ആ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്തു.


മലയാളം മിഷന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷാ സ്‌നേഹികള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരോടൊപ്പം പ്രശസ്ത ബ്ലോഗര്‍ ആയ അന്ന എന്‍ സാറായും ആണ്.


മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.


ഇന്ന് (07/02/2021) ഞായറാഴ്ച വൈകിട്ട് യുകെ സമയം 4PM, ഇന്‍ഡ്യന്‍ സമയം 09.30 PMനുമാണ് ഡോ വൈശാഖന്‍ തമ്പി ' ശാസ്ത്രം മലയാളത്തിലൂടെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക.


https://www.facebook.com/MAMIUKCHAPTER/live/

Other News in this category



4malayalees Recommends